കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോണ്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ രണ്ടു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കോര്പറേഷന് 20-ാം ഡിവിഷനിലെ കുടുംബശ്രീ അംഗങ്ങളായ നിഷ, ദീപ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബശ്രീ ലോണിൽ തിരിമറി നടത്തി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിലാണ് കേസ് റജിസ്ത്റ് ചെയ്തത്.
കൊച്ചി കോര്പറേഷന് 20-ാം ഡിവിഷനിലെ ദൃശ്യ ഗ്രൂപ്പിലെ അംഗമാണ് പിടിയിലായ നിഷ. 20-ാം ഡിവിഷനിലെ തന്നെ മറ്റൊരു ഗ്രൂപ്പായ ഒരുമയിലെ അംഗമാണ് ദീപ. ബാങ്കുകളുടെ പരിശേധനയിലാണ് ഇവരെ കുറിച്ച് സംശയം ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ്.
അംഗങ്ങളുടെ പേരിൽ അവരറിയാതെ വായ്പ
കൗണ്‍സിലര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍, എ.ഡി.എസ്. അംഗങ്ങളുടെയെല്ലാം ഒപ്പും വ്യാജ സീലും ഉപയോഗിച്ചാണ് വായ്പാ തട്ടിപ്പ്. കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളിലെ കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും തട്ടിപ്പ് നത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. അവർ വായ്പ എടുത്തതായാണ് വരുത്തി തീർത്തത്.
തട്ടിപ്പ് പുറത്തായത് ബാങ്കുകളുടെ പരിശോധനയിൽ
ബാങ്ക് വായ്പയ്ക്ക് വേണ്ടി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയ ബാങ്ക് ജീവനക്കാരാണ് വായ്പാ തട്ടിപ്പു സംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ വായ്പ നല്കുന്ന പതിവുണ്ട്. കുടുംബശ്രീയുടെ വിവിധ ഘടകങ്ങളില്‍നിന്ന് അംഗീകരിച്ചുനല്‍കുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. ഇത്തരത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ അനുവദിച്ചു നല്കിയ വായ്പയുടെ മറവിലാണ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ നിലവില്‍ത്തന്നെ വായ്പയെടുത്തിട്ടുണ്ട്. അതിനു പിറകെയാണ് ഇവരുടെ പേരില്‍ വ്യാജമായി മറ്റൊരു വായ്പകൂടി തട്ടിപ്പുസംഘം എടുത്തിരിക്കുന്നത്.
എന്നോ ഉണ്ടാക്കിയ അയൽക്കൂട്ടം ആരോ എടുത്ത വായ്പ, ജപ്തിയും നടപടിയുമായി ബാങ്ക് വരുമ്പോൾ തകരുന്ന ജീവിതം
സ്ത്രീകൾ അടക്കമുള്ള വലിയ റാക്കറ്റ് തട്ടിപ്പിന് പിറകിലുണ്ടെന്നാണ് സൂചന. കാൽനൂറ്റാണ്ടിലേക്ക് കടന്ന കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വസ്തയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ് നീങ്ങുന്നത്. വായ്പകൾക്ക് കമീഷൻ നൽകേണ്ടി വരുന്നെന്ന വീട്ടമ്മമാരുടെ ആക്ഷേപത്തിനു പിറകെയാണ് വ്യാജരേഖകൾ ചമച്ചുള്ള തട്ടിപ്പുകളുടെ ചുരുളഴിയുന്നത്.
രണ്ട് ഡിവിഷനുകളിൽ നടന്ന തട്ടിപ്പ് സംബന്ധിച്ചാണ് ആദ്യം ഈ ഡിവിഷനിലെ കൗൺസിലർമാരും സി.ഡി.എസ് ചെയർപേഴ്സനും പൊലീസിൽ പരാതി നൽകിയത്. 13, 20 ഡിവിഷൻ കൗൺസിലർമാരായ വി.എ. ശ്രീജിത്, പി.എസ്. വിജു എന്നിവരാണ് പരാതി നൽകിയത്. ഇവരുടെ വ്യാജ സീലും വ്യാജ ഒപ്പും ഉപയോഗിച്ചാണ് ഈ ഡിവിഷനുകളിൽ തട്ടിപ്പ് നടത്തിയത്. കൂടുതൽ ഡിവിഷനുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി പരാതി ഉയരുകയാണ്.
28ാം ഡിവിഷനിലും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. മുൻ എ.ഡി.എസ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൃത്രിമ രേഖകളുണ്ടാക്കി ലിങ്കേജ് വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതി നൽകിയതായി ഡിവിഷൻ കൗൺസിലറും നഗരസഭ സ്ഥിരംസമിതി അധ്യക്ഷയുമായ പ്രിയ പ്രശാന്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
കുടുംബശ്രീ ഗ്രൂപ്പുകൾ അറിയാതെയാണ് കോടികളുടെ തട്ടിപ്പെന്നത് ഏറെ ഗൗരവമായാണ് അധികൃതർ കാണുന്നത്. കുടുംബശ്രീ ഗ്രൂപ് അംഗങ്ങൾ നിലവിൽ വായ്പയെടുത്തിട്ടുണ്ടെങ്കിൽ അതിനു പിറകെ ഇവരുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് മറ്റൊരു വായ്പ കൂടി തട്ടിപ്പു സംഘം തയാറാക്കുന്നതാണ് രീതി. കോടികൾ ഇത്തരത്തിൽ തട്ടിയെടുത്തതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊലീസിന് നൽകിയ പരാതികളെ തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നേരത്തേ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതി മട്ടാഞ്ചേരി അസി. കമീഷണർക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് അസി. കമീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കുടുംബശ്രീ യൂനിറ്റുകൾക്ക് ലിങ്കേജ് വായ്പ നൽകുന്ന ബാങ്കുകളിൽ അന്വേഷണം നടത്തി കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പൊലീന് അന്വേഷിച്ചു വരുകയാണ്.
നിർജീവമായി കിടക്കുന്ന അയൽക്കൂട്ടങ്ങളുടെ പേരിലും ഇപ്പോൾ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ പേരിലും വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പല വീട്ടമ്മമാർക്കും അവരറിയാതെ എടുത്ത വായ്പയുടെ പേരിൽ ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.