ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് എ.ജെ. ദേശായിയെ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു. ഇനി കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവ് പുറപ്പെടുവിക്കണം. കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായാവും ജസ്റ്റിസ് എ.ജെ. ദേശായി അവരോധിതമാവുക.
ഫെബ്രുവരി 26 മുതല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എ.ജെ. ദേശായി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ്.
ഗുജറാത്തിൽ നിന്ന് തുടക്കം
2011 ലാണ് ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ അഭിഭാഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒഴിവുവരുന്നത്.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് ആദ്യമായാണ്. മലയാളികളായ പി.എസ്. സുബ്രഹ്‌മണ്യന്‍ പോറ്റി, കെ. ശ്രീധരന്‍, കെ.ജി. ബാലകൃഷ്ണന്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിട്ടുണ്ട്.
ഒറീസ, ആന്ധ്രാപ്രദേശ്, മണിപ്പുര്‍, തെലങ്കാന, ഗുജറാത്ത് ഹൈക്കോടതികള്‍ക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.


