ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ല കാണാനും ഭംഗിയില്ലെന്ന് പറഞ്ഞാൽ ആരാധകർ എന്തു പറയും. മാത്രമല്ല ഷരൂഖ് സ്വന്തമായി സൃഷ്ടിച്ച പ്രഭാവലയത്തിലാണ് കഴിഞ്ഞു പോകുന്നത് എന്നും പാക് നടിയായ മഹനൂർ ബലോച്ച് പറഞ്ഞു കളഞ്ഞു.
മഹനൂറിന്റെ പരാമർശത്തിനെതിരെ ഷാരൂഖ് ആരാധകരുടെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. സിനിമകൾ കാണാത്ത നടിയെ കുറിച്ച് എന്തു പറയാനാണ് എന്നാണ് ആരാധകരുടെ മറു ചോദ്യം.
ഒരു പാകിസ്താനി ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് മഹനൂർ ബലോച്ച് ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്. സമൂഹത്തിന്റെ ബ്യൂട്ടി സ്റ്റാൻഡേർഡിന് അനുസരിച്ച് എത്താനായില്ലെങ്കിൽപ്പോലും ചുറ്റും നിറഞ്ഞുനിൽക്കുന്ന ഒരു പ്രഭാവലയമാണ് ഷാരൂഖിന് സൗന്ദര്യം നൽകുന്നതെന്ന് മഹനൂർ അഭിപ്രായപ്പെട്ടു.
മഹനൂർ ബലോച്ച് പറഞ്ഞത്

“ഷാരൂഖ് ഖാന്റെ ചുറ്റുമുള്ള പ്രഭാവലയം വളരെ ശക്തമായതിനാലാണ് അദ്ദേഹത്തിന് സൗന്ദര്യമുള്ളതായി തോന്നുന്നത്. എന്നാൽ ആ പ്രഭാവലയം ഇല്ലാത്ത ഭംഗിയുള്ള ഒരുപാടുപേരുണ്ട്. അവരെയാരും ശ്രദ്ധിക്കുന്നുപോലുമില്ല. ഷാരൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ അഭിപ്രായം. എങ്ങനെ സിനിമയിൽ സ്വയം മാർക്കറ്റ് ചെയ്യണമെന്ന് അറിയുന്ന ബിസിനസുകാരനാണ് അദ്ദേഹം. ഷാരൂഖ് ഖാന്റെ ആരാധകർ എന്നെ എതിർത്തേക്കാം, പക്ഷേ കുഴപ്പമില്ല. തന്നിലെ നല്ല വ്യക്തിത്വത്തെ അദ്ദേഹം നന്നായി മാർക്കറ്റ് ചെയ്യുന്നുണ്ട്. വിജയം കാണാത്ത നിരവധി താരങ്ങളുണ്ട്.”
അമേരിക്കയിൽ ജനിച്ച കനേഡിയൻ- പാക് നടിയും സംവിധായികയും മുൻ മോഡലുമാണ് മഹനൂർ. 1993-ൽ മാർവി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് അവർ ഈ രംഗത്തെത്തിയത്. 2013-ൽ ടോൺ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറി. ഈ ചിത്രത്തിൽ മഹനൂർ അവതരിപ്പിച്ച മറിയം എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ, രാജ് ഹിറാനിയുടെ ഡങ്കി എന്നീ ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഷാരൂഖ് ഖാൻ. ഇതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അമേരിക്കയിൽ ഷൂട്ടിങ്ങിനിടെ ബോളിവുഡിലെ കിങ്ങ് ഖാന് പരുക്കേറ്റത് വാർത്തയായിരുന്നു. മൂക്കിനി ചെറിയ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. മുംബെയിലെ വസതിയിലേക്ക് തിരിച്ച് വന്നു.