കോഴിക്കോട് കൂത്താളി ഗ്രാമപഞ്ചായത്ത് തെരുവുനായ ശല്യ ഭീഷണി നിയന്ത്രിക്കാനാവാതെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അംഗനവാടികൾക്കുമാണ് അവധി നൽകേണ്ടി വന്നത്.
ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. കടിയേറ്റ കുട്ടി പറഞ്ഞ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു നായയെ ചങ്ങരോത്ത് വെച്ച് നാട്ടുകാർ പിടികൂടിയിട്ടുണ്ട്. എങ്കിലും പേ വിഷബാധ ഭീഷണിയും തുടരുകയാണ്.
കഴിഞ്ഞ ആഗസ്റ്റിൽ കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചിരുന്നു. വയലിൽ നിന്ന് തെരുവ് നായയുടെ കടിയേറ്റ ചന്ദ്രിക എന്ന വീട്ടമ്മയ്ക്ക് രണ്ട് വാക്സിൻ എടുത്തെങ്കിലും മരിച്ചു. അതേ പ്രദേശത്താണ് തെരുവുനായ ഭീതിയേത്തുടർന്ന് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


