മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസിൽ പൊലീസിൻ്റെ തിടുക്കപ്പെട്ട നടപടികൾക്ക് തിരിച്ചടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം ശരിവെക്കവെ തന്നെ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പിവി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അതുവരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി.
ഷാജൻ സക്കറിയ വാക്കുകൾ നിയന്ത്രിക്കണം
മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ഷാജൻ സക്കറിയ ഒളിവിൽ തന്നെ
ഷാജൻ സ്കറിയക്കെതിരായ തെരച്ചിൽ പൊലീസ് തുടരുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുള്ള സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം തളളിയതോടെ മാധ്യമസ്ഥാപനം റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളും പരിശോധന നടത്തിയിരുന്നു.
പൊലീസ് നടപടിയിലെ ആവേശം ചോദ്യം ചെയ്ത് ഹൈക്കോടതിയും
ഷാജൻ സ്കറിയയെ അന്വേഷിച്ച് പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകനായ വിശാഖന്റെ വീട് റെയ്ഡ് ചെയ്തിരുന്നു. റെയിഡിൽ മൊബൈൽ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധിയും.
പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. പിടിച്ചെടുത്തത് മാധ്യമപ്രവർത്തകന്റെ ഫോണാണെന്നും ക്രിമനൽ കേസ് പ്രതിയുടേതല്ലെന്നും പറഞ്ഞ കോടതി, മാധ്യമപ്രവർത്തകന്റെ അടിസ്ഥാനപരമായ അവകാശമാണ് ലംഘിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.
പൊലീസിന് ആർക്കെതിരെയും അന്വേഷണം നടത്താമെന്നും പ്രതിയല്ലാത്ത ആളെ എങ്ങനെ കസ്റ്റഡിയിൽ എടുക്കാമെന്നും കോടതി ചോദിച്ചു. നടപടികൾ പാലിക്കാതെ യാതൊരു കാരണവശാലും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. ഇത്തരത്തിൽ ഷാജൻ സക്കറിയയെ വിളിച്ച എല്ലാ മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പിടിച്ചെടുക്കുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.


