അതിവേഗ ട്രെയിൻ സംബന്ധിച്ച മെട്രോമാൻ ഇ ശ്രീധരൻ്റെ പ്രതികരണം കെ റെയിൽ പദ്ധതിയെ വീണ്ടും ട്രാക്കിലേക്ക് എത്തിക്കുന്നു. നിലവിലെ ഡിപിആര്‍ മാറ്റണമെന്ന് ശ്രീധരൻ നിർദേശം വെച്ചു. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. ഇരുവരുമായുള്ള ചർച്ചയുടെ റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
ഇതോടെ പിണറായി സർക്കാരിൻ്റെ സ്വപ്ന വികസന പദ്ധതി വീണ്ടും ട്രാക്കിലേക്ക് എത്തുകയാണ്. കെ റെയിൽ ട്രാക്ക് നിർമ്മിക്കുക എന്നതിനായിരിക്കും ആദ്യ പരിഗണന. വേഗം സംവിധാനങ്ങളും സംബന്ധിച്ച് സർക്കാർ തുടക്കത്തിൽ കർക്കശ നിലപാട് എടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. സെമി സ്‌പീഡ് പദ്ധതി തുടങ്ങി ഹൈ സ്‌പീഡിലേക്ക് എത്താനാകണം എന്നാണ് കെ വി തോമസ് ചർച്ചയുടെ ഭാഗമായി വെച്ച റിപ്പോർട്ടിൽ പറയുന്നത്.
കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടാണ് റിപ്പോർട്ട് തയാറാക്കിയത്. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്.
ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിന് ആവശ്യമാണ്. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ സംയുക്ത മാതൃകയിൽ പദ്ധതി നടപ്പിലാക്കാമെന്ന് ഇ ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇങ്ങനെ വരുമ്പോൾ ചെലവും സ്ഥലം ഏറ്റെടുക്കൽ കുറയുമെന്നും ശ്രീധരൻ പറയുന്നു.
നിർദ്ദേശങ്ങൾ ഇങ്ങനെ
ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ.
കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെ.വി തോമസ് പറഞ്ഞു. ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ നിലവില്‍ മുഖ്യമന്ത്രിയുടെ മുന്നിലാണ്. കൂടുതൽ കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


