ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി നൽകി. സുപ്രീം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ സുപ്രീം കോടതി പ്രത്യേകം പരാമർശിച്ചു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെയാവും ഇനി എസ്കെ മിശ്രയ്ക്ക് തുടരാനാവുക.
സുപ്രീം കോടതി വിധിയും മറികടന്ന് നടത്തിയ നിയമനം

2018 നവംബറിലാണ് മിശ്രയെ രണ്ടുവര്‍ഷത്തേക്ക് ഇ.ഡി. ഡയറക്ടറായി നിയമിച്ചത്. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസ്സായതിനെത്തുടര്‍ന്ന് വിരമിക്കല്‍ പ്രായമായി. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13-ന് ഉത്തരവിറക്കി വീണ്ടും വാഴിച്ചു.
ഇതിനെതിരേ ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടി സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീംകോടതി തത്കാലം ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് വ്യക്തമാക്കിയിരുന്നു. അതും പാലിക്കാതെയാണ് കേന്ദ്ര സർക്കാർ വീണ്ടും എസ് കെ മിശ്രയുടെ സർവ്വീസ് നീട്ടി നൽകിയത്.
വിയോജിപ്പുകളെ മുഴുവൻ അവഗണിച്ച നിയമനം
ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികൾ തന്നെ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നു. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തി 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്.
വിരമിച്ചിട്ടും 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതിനു ശേഷം 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. മാത്രമല്ല അതിനു ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇതോടെയാണ് ചോദ്യം ചെയ്താണ് സുപ്രീം കോടതിക്ക് മുന്നിൽ ഹർജികളെത്തിയത്.
രാഷ്ട്രീയ പകപോക്കലുകളുടെ പേരിൽ ഇഡി ഏറ്റവും വിമർശിക്കപ്പെട്ട കാലം, പദവിയിൽ ഒരേ ഡയറക്ടർ
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ വാദം കേട്ട ഘട്ടത്തിൽ തന്നെ രൂക്ഷവിമര്‍ശനം സുപ്രീംകോടതി ഉന്നയിച്ചിരുന്നു.
ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റില്‍ മറ്റ് ഉദ്യോഗസ്ഥരില്ലേ എന്ന് ചോദിച്ച കോടതി, ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ട് കൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണമെന്ന് കൂടി പറഞ്ഞു. അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര, ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ എന്ന ചോദ്യവും കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചു.

സഞ്ജയ് മിശ്രയെപ്പോലെ മറ്റാരുമില്ലെ ? കോടതി വീണ്ടും ചോദിച്ചു
സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതിൽ വ്യക്തിപരമായ ഒരു താല്‍പര്യവുമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ അവലോകന യോഗം ഉടന്‍ ചേരുകയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗത്തില്‍ ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്‍യ് മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യം വിലയിരുത്താന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്ന് കോടതി വീണ്ടും ചോദിച്ചു.


