സാമ്പത്തിക തർക്കത്തിനെ തുടര്‍ന്ന് വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ ഭർത്താവിൻ്റെ സഹോദരങ്ങൾ ചേർന്ന് വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്‌സിന്‍, ഷാജി എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
ഒന്നരവര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് സിയാദ് മരിച്ചത്. ഇതിനുശേഷം സിയാദിന്റെ പേരിലുള്ള സ്വത്തും വസ്തുവകകളും സംബന്ധിച്ച് ഇവർ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്. ഒന്നരമാസം മുന്‍പ് സിയാദിൻ്റെ സഹോദരന്‍ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കി. കേസിന് തുടർച്ചയായി കഴിഞ്ഞദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നതാണ്. ഈ ഉത്തരവുമായി പോലീസ് കഴിഞ്ഞദിവസം വീട്ടിലെത്തി. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ കൊല പാതകം.
ഞായറാഴ്ച രാവിലെ ഒരു വിവാഹത്തിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനയ്ക്ക് നേരേ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ചേര്‍ന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
അഹദിന്റെ ഭാര്യയും വീട്ടമ്മയെ ആക്രമിച്ചതായാണ് സാക്ഷി മൊഴി. ലീനയ്‌ക്കൊപ്പം 20 വര്‍ഷമായി താമസിക്കുന്ന സരസു എന്ന സ്ത്രീയാണ് മൊഴി നൽകിയത്. ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


