‘‘ചാരു.
ലോകം നമുക്ക് മുന്നില്‍ അന്യമാവുകയും ഋതുക്കള്‍ നമ്മുടെ ചുറ്റിനും നിശ്ചലമാവുകയും ചെയ്യുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് നിനക്കറിയാമോ… അഴിച്ചെടുക്കാനാവാത്ത വിധം ഓര്‍മ്മകളില്‍ കുരുക്ക് വീണുപോയത് എല്ലാത്തിനെയും നിര്‍ജ്ജീവമാക്കിയിരിക്കുന്നു… നഗരത്തിരക്കുകളിലും മദ്യശാലകളിലും ക്ലാസ്സ് മുറികളിലും കവിതകളിലും മയക്കത്തിലുമെല്ലാം മുക്തി നേടി സ്വതന്ത്രനാകാനുള്ള എന്റെ വിഫല ശ്രമങ്ങള്‍ എന്നത്തെയും പോലെ നിനക്കുള്ള കത്തില്‍ ഇന്നും അവസാനിക്കുന്നു.
നീ സമ്മാനിച്ച നോട്ടുപുസ്തകത്തില്‍ ഒറ്റാരും കാണാതെ ഞാന്‍ എഴുതിവെച്ച അക്ഷരങ്ങള്‍ നിന്റെയടുത്തേക്ക് വരാന്‍ വെമ്പല്‍ കൊള്ളുന്നത് എനിക്കു കാണാന്‍ കഴിയും… നീ അത് അറിയുന്നുണ്ടോ… ഉണ്ടെങ്കില്‍ തന്നെ നിന്റെ സ്വപ്നങ്ങളുടെ വിദൂര കോണിലെങ്കിലും ഈ അമല്‍ ഒരു നല്ല മനുഷ്യനായി അവശേഷിക്കുന്നുണ്ടാവുമോ…
ഇപ്പോള്‍ മഴ നനഞ്ഞാണ് ഞാന്‍ നടക്കാറുള്ളത്. നിനക്ക് ഓര്‍മ്മയുണ്ടോ മഴയുള്ള ദിവസമാണ് ഞാന്‍ അങ്ങോട്ടേക്ക് വന്നത്. മുകളിലെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ മഴക്കാറ്റ് നിന്നിലേക്ക് വീശിയതും കുസൃതിക്കാരായ മഴത്തുള്ളികള്‍ നിന്റെ മുഖത്തേക്ക് വീണതും ആ മഴത്തണുപ്പില്‍ നീ ഇടംകണ്ണിട്ട് എന്നെ നോക്കിയതും തെളിമയോടെ എന്റെ മനസ്സിലുണ്ട്…
നിന്നോട് ഒടുങ്ങാതെ സംസാരിക്കാനും നിന്റെ ഉള്ളകങ്ങളിലേക്ക് പറന്നെത്താനും എനിക്കു കഴിയും ചാരു… എനിക്ക് അതിനുള്ള മാര്‍ഗ്ഗങ്ങളുണ്ട്… പക്ഷെ ഞാനത് ചെയ്യില്ല.
ഇടിഞ്ഞു വീണതിനെ വീണ്ടും ഉയര്‍ത്തിക്കെട്ടി അടുത്ത പേമാരിക്കും കൊടുങ്കാറ്റിനും വേണ്ടി കാത്തിരിക്കാന്‍ എന്തോ മനസ്സ് എന്നെ അനുവദിക്കുന്നില്ല…
നീ എന്നെ കുറിച്ച് ഓര്‍ക്കാറുണ്ടോ… നിന്റെ കൈത്തലത്തിന്റെ തണുപ്പില്‍ എന്റെ പരുക്കന്‍ വിരലുകള്‍ ചേര്‍ന്നത് നീ ഓര്‍മ്മിക്കാറുണ്ടോ…
ഒരു വശത്ത് ഉയര്‍ന്ന പാറക്കെട്ടും മറു വശത്ത് മഞ്ഞുപുക മൂടിയ താഴവാരങ്ങളുമുള്ള മുകള്‍പ്പരപ്പുകളിലേക്ക് ഒന്നിച്ച് യാത്രപോകുന്നതിനെക്കുറിച്ച് പറഞ്ഞതിനെ പറ്റി ഇപ്പോള്‍ നീ ചിന്തിക്കാറുണ്ടോ.
പകല്‍ മുഴുവന്‍ പ്രണയത്തെക്കുറിച്ച് കവിതകളെഴുതി രാത്രി ഇഷ്ട പുസ്തകത്തിന് അകത്തുവെച്ച് ആ കവിത കൈമാറുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ കൗതുകത്താല്‍ നിന്റെ കണ്ണുകള്‍ വികസിച്ചതുപോലെ ഇപ്പോള്‍ അനുഭവപ്പെടാറുണ്ടോ…
ഞാന്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് നീ വിശ്വസിക്കുന്നുണ്ടോ?
ഇല്ല എന്നു തന്നെയാണ് ചാരു എന്റെ ഉത്തരം…
പുസ്തകശാലയുടെ നടുവില്‍ അക്ഷരങ്ങളുടെ അടങ്ങാത്ത പ്രവാഹം എന്നെ വലയം ചെയ്യുമ്പോഴും എടുത്തുവെക്കാന്‍ പാകത്തില്‍ ഒരു വാക്കു കണ്ടെത്താന്‍ ഞാന്‍ പ്രയാസപ്പെടുകയാണ്. എന്റെ അന്തരാത്മാവില്‍ നിന്ന് ജീവനുവേണ്ടി ഉയരുന്ന നിലവിളി നിന്നെപ്രതിയുള്ള എന്റെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും ബാക്കി പത്രമായി ഞാന്‍ കരുതുന്നു…
ദൂരെ… ദൂരത്തിനും ദൂരെ… നീ… ആ മുറിയില്‍, വീട്ടില്‍, പുസ്തകങ്ങളില്‍… ’’
ഞാന്‍ അമല്‍. ചാരുലതയ്ക്ക് ഞാന്‍ ഒട്ടുമിക്ക ദിവസങ്ങളിലും ഇങ്ങനെ കത്തുകള്‍ എഴുതാറുണ്ട്. എഴുതി, വായിച്ച് അവ എന്റെ മുറിയുടെ മൂലയില്‍ ഇല്ലാതാവുകയും ചെയ്യാറുണ്ട്. ചാരു എന്നാണ് എല്ലാവരും അവളെ വിളിക്കുക. ഞാനും അങ്ങനെ തന്നെയാണ് വിളിച്ചത്. ചാരു എനിക്കാരാണെന്നോ ഞങ്ങളുടെ ബന്ധം മനുഷ്യ നിര്‍വചനങ്ങളുടെ ഏത് ഗണത്തില്‍ പെടുത്തണമെന്നോ ഞങ്ങളുടെ സമവാക്യങ്ങളെ ഏത് മാപിനികൊണ്ട് അളക്കണമെന്നോ എനിക്കറിയില്ല.
ശരിക്കും ചാരുവിന്റെ ജീവിതത്തില്‍ ഞാന്‍ ചെന്നുകയറിയില്ലായിരുന്നുവെങ്കില്‍ അവര്‍ ഇത്രയേറെ ദുഖിക്കുമായിരുന്നില്ല എന്നെനിക്ക് തോന്നാറുണ്ട്. നേര്‍രേഖയില്‍ പോയിരുന്ന ഒരു ജീവിതത്തെ എന്റെ സാന്നിധ്യം ക്രമരഹിതമാക്കിയതിന്റെ നിരാശയുടെ കയ്പുനീര് ഞാന്‍ എല്ലാ ഇരവിലും പകലിലും അറിയാറുണ്ട്.
ആ സമയത്ത് ചാരു എന്റെ എല്ലാമായിരുന്നു. യുക്തിയും ബുദ്ധിയും ഒളിച്ചോടുകയും ഭ്രമവും അഭിനിവേശവും മനസ്സും എന്നെ ഭരിക്കുകയും ചെയ്ത നാളുകള്‍. എന്നാല്‍ ആ ചുരുങ്ങിയ കാലം എന്റെ മനുഷ്യായുസ്സിനെ തന്നെ കീഴ്മേല്‍മറിക്കുന്നതും ഗതിമാറ്റുന്നതുമായി പരിണമിച്ചുവെന്ന് ഇപ്പോള്‍ എനിക്കു കൃത്യമായി അറിയാം…
ചാരുവിനു മാത്രമായി ഒരു കുറിപ്പെഴുതിവെച്ച് യാത്ര പറയാതെ അവിടെ നിന്നു തിരികെ പോന്ന നാള്‍ മുതല്‍ ഓരോ ദിവസവും മണിക്കൂറും യുഗങ്ങളായ് മാറുകയായിരുന്നു.
പക്ഷെ… അങ്ങനെ ഒരു കുറിപ്പിലോ ദീര്‍ഘമായ ഒരു ഫോണ്‍ സന്ദേശത്തിലോ നീക്കം ചെയ്യാനാകുന്നതാണ് ചാരുവുമായുള്ള എന്റെ ബാന്ധവമെന്ന് ആരും കരുതരുത്…
ചാരൂ… നിന്നെ ഞാന്‍ മറന്നുവെന്നോ നിന്റെ സാന്നിധ്യം എന്നെ ആകര്‍ഷിക്കുന്നില്ലന്നോ നീ വിചാരിക്കരുത്…
നീ മറന്നു കളഞ്ഞ നിന്റെ ഇന്റര്‍നെറ്റ് മേല്‍വിലാസങ്ങളില്‍ ദിവസം എത്ര തവണ ഞാന്‍ പരതുന്നുണ്ടെന്ന് നിശ്ചയമില്ല. വരണ്ട ഭൂമിയില്‍ മഴ പെയ്യുന്ന പോലെ നിന്റെ പേരിനു നേര്‍ക്ക് ഒരു പച്ചപ്പൊട്ടു കാണുമ്പോള്‍ ക്രമാതീതമായി എന്റെ ഹൃദയം മിടിക്കുന്നത് നീ അറിയുന്നേ ഉണ്ടാവില്ല.
നിന്റെയും എന്റെയും ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് മുന്തിരി വീഞ്ഞിന്റെ നിറമുള്ള തിളങ്ങുന്ന സാരി അണിഞ്ഞ് നീ വന്നത് ഞാന്‍ കാണാതിരിക്കുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ… അന്ന് നീ എത്ര സന്തോഷവതിയായിരുന്നു. നിന്റെ ഭര്‍ത്താവിന്റെ കരങ്ങളെ നീ ഇറുകി പിടിച്ചിരുന്നു… നിന്റെ ദൃഷ്ടിപഥത്തില്‍ നിന്നു മാറി ഞാന്‍ അവിടെയുണ്ടായിരുന്നു…
ചാരുവിനെ തേടി പോവുക എന്റെ സ്വാഭാവികതയാണ്… അവളറിയാതെ ഞാന്‍ മോഷ്ടിച്ചെടുത്ത അവളുടെ ഒരു ചുവന്ന ഷാള്‍ എന്റെ ഒരു അവയവം പോലെ കൂടെയുണ്ട്. അതില്‍ നിന്നുയരുന്ന ചാരുവിന്റെ ഗന്ധത്തിലാണ് കാതങ്ങളകലെ നിന്നും ഞാന്‍ ജീവിക്കുന്നത്.
ചാരൂ… നിന്റെ ഗന്ധം എന്റെ ശ്വാസമാണ്… എന്റെ ഡയറിയില്‍ നീ എഴുതിയ കുറിപ്പുകള്‍ എന്റെ ബിരുദങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാണ്. ആനുകാലികങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ വഴി പ്രസിദ്ധീകരിക്കപ്പെടുന്ന എന്റെ കഥകള്‍ നിനക്കുള്ള സന്ദേശങ്ങളാണ്… അവയില്‍ നിനക്കും എനിക്കും മാത്രം മനസ്സിലാകുന്ന വികാരങ്ങളുടെ സത്തയുണ്ട്.
ചാരൂ… നിന്നെ ഞാന്‍ ഓര്‍ക്കുന്നു എന്നതിന് ഇപ്പോഴും ജീവനുള്ള എന്റെ ശരീരമാണ് തെളിവ്. ഹൃദയ നീറ്റലില്ലാതെ ഉറങ്ങാന്‍ കൊതിക്കുന്ന രാത്രികളുടെ മൗനമാണ് നിന്നില്‍ നിന്ന് ഞാന്‍ അവ്യക്തമായതിന്റെ പ്രായശ്ചിത്തം.
നിന്റെ ജീവിതത്തിന്റെ തുരുമ്പിച്ച കോണില്‍ പോലും എനിക്ക് ഇനി സ്പര്‍ശിക്കാനാവുമോ എന്നു ഞാന്‍ ഭയപ്പെടുന്നുണ്ട്.
നിന്റെ പക്വതയുടെ യുക്തികളെ ദയവായി നീ പിന്തുടരുക. നിന്റെ മനസ്സിനെ തണുപ്പിക്കാനോ ഹൃദയത്തെ ചൂടുപിടിപ്പിക്കാനോ ഉതകുന്ന ഒന്നും എന്നില്‍ ഇനി അവശേഷിക്കുന്നില്ല…
ഞാന്‍ ജീവിക്കും. ചാരുവിനോടുള്ള എന്റെ സ്നേഹത്തിന്റെ പ്രഖ്യാപനമാണ് ഈ ജീവിതം. അല്ലെങ്കില്‍ ഇതെന്നേ സ്വയം യാത്ര അവസാനിപ്പിച്ചേനെ…
എന്റെ ഈ മുറിവ് ഞാന്‍ സ്വയം ഞെക്കിയും വേദനിപ്പിച്ചും ഉണങ്ങാതെ കാക്കും. എന്റെ ജീവനും ആത്മാവും ആ മുറിവിലാണ്…
ചാരുവില്‍ മാത്രമാണ്…
(ഇ. സന്ധ്യയുടെ അനന്തരം ചാരുലത എന്ന കഥയുടെ പശ്ചാത്തലത്തിൽ എഴുതിയത്)