
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ വേട്ടയാടപ്പെട്ട സാമൂഹിക പ്രവര്‍ത്തക തീസ്ത സെതൽവാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷമായ വിമർശനൺ ഉന്നയിച്ചു കൊണ്ട് കേസിൽ ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കി.
തീസ്തയ്ക്ക് ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി നടപടിയേയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. Perverse, Contradictory എന്നാണ് ഗുജറാത്ത് കോടതിയുടെ വിധിയെ വിശേഷിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിലെ പല പരാമര്‍ശങ്ങളും പരസ്പര വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി തീസ്ത സെതൽവാദിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് തീസ്തയോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അറസ്റ്റിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളെയും ചോദ്യം ചെയ്തു
തീസ്തയ്‌ക്കെതിരായ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ വികൃതമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. തീസ്തയുടെ അറസ്റ്റിന്റെ ഉദ്ദേശലക്ഷ്യത്തേയും ജസ്റ്റിസ് ബിആര്‍ ഗവായി ചോദ്യംചെയ്തു. കുറ്റക്കാരിയാണെന്നുകണ്ട് 24 മണിക്കൂറിനകം തീസതയെ അറസ്റ്റ് ചെയ്യാന്‍ ജൂണ്‍ 24 മുതല്‍ ജൂണ്‍ 25 വരെ എന്ത് അന്വേഷണമാണ് പോലീസ് നടത്തിയതെന്നും ബിആര്‍ ഗവായി ചോദിച്ചു.
തീസ്ത സെതൽവാദിനെയും കൂട്ടുപ്രതിയായ ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-നാണ് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. നരേന്ദ്രമോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തില്‍ പ്രതികളാക്കാന്‍ തീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തെന്നാണ് പോലീസ് ആരോപിച്ചത്.
കേസില്‍ 2022 സെപ്റ്റംബറില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സ്ഥിരം ജാമ്യത്തിനായുള്ള തീസ്തയുടെ ഹര്‍ജി ജൂലായ് ആദ്യവാരം ഗുജറാത്ത് ഹൈക്കോടതി തള്ളി. തീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് വേട്ടയാടൽ തുടർന്നു. ഇതിനെതിരേയാണ് തീസ്ത സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ 2022 ജൂൺ 25ന് തീസ്തയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന തീസ്ത, സെപ്റ്റംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതയായി. തുടർന്ന് ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തീസ്തയുടെ ജാമ്യ ഹർജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചുവെന്നാണ് തീസ്തക്കെതിരായ കേസ്.