
മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ആശങ്ക അറിയിച്ച് സുപ്രീം കോടതി. യുവതികളെ നഗ്‌നരാക്കി നടത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച ആണെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.
കലാപത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി
സുപ്രീം കോടതി പരാമർശത്തിന് പിന്നാലെ മണിപ്പൂർ സംഭവത്തിൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. കലാപത്തെ തൊടാതെ വനിതകൾക്ക് എതിരായ ആക്രമണത്തെ മാത്രം എടുത്താണ് പ്രതികരണം. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ലജ്ജാകരവും ഒരിക്കലും പൊറുക്കാൻ കഴിയാത്തതും എന്നാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചത്. ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു. ഒരു കുറ്റവാളിയും രക്ഷപെടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെ സംഭവത്തിൽ ഒരാളെ മണിപ്പൂർ പൊലീസ് അറസ്റ്റു ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധവും ആശങ്കയും ഉയർന്ന് തുടങ്ങിയതിന് പിന്നാലെയാണ് അധികാരികളുടെ നീക്കം. രണ്ടു സ്ത്രീകളെ ബലാത്സഗത്തിന് ഇരയാക്കി. നഗ്നരായി വലിയ ആൾക്കൂട്ടം നടത്തിക്കുന്നതും. ഇതിനിടെ ശാരീരികമായി ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. രണ്ട് മാസം മുൻപ് സംഭവിച്ചതാണ് ഇത്. ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല.
നടപടി എടുത്തില്ലെങ്കിൽ കോടതിക്ക് നടപടി എടുക്കേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ്
ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നല്‍കി.
വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സര്‍ക്കാര്‍ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
സ്വമേധയ എടുത്ത കേസ് ജൂണ്‍ 28 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അതിന് മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഇതുപോലെ മാറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ആര്‍ക്ക് അറിയാമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
മെയ് നാലിന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തി ചിത്രീകരിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭവമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. മൈത്തേയികൾക്ക് ഭൂരിപക്ഷമുള്ള ഭരണമാണ് മണിപ്പൂരിൽ നടക്കുന്നത്. കുക്കി പ്രദേശങ്ങളിൽ മൈത്തേയികൾ നടത്തിയ ആക്രമണത്തിന് തുടർച്ചയായാണ് സംഭവം ഉണ്ടായത്. ഈ പ്രദേശങ്ങളിൽ പൊലീസിനും പട്ടാളത്തിനും ഇടയിലും കലാപം തുടരുകയാണ്.