
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരായി നടത്തി പീഡിപ്പിക്കുന്ന ദൃശ്യം പുറത്ത് വരുന്നതിന് ഒരുമാസം മുമ്പുതന്നെ ദേശീയ വനിതാ കമ്മീഷന് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പക്ഷെ കമ്മീഷൻ നിശ്ശബ്ദരായി ഉത്തരവ് കാത്തിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യത്തിലും ഫയൽ ഒപ്പിക്കലിൽ ഒതുങ്ങി കമ്മീഷൻ്റെ നടപടി.
മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച രണ്ട് മനുഷ്യാവകാശ പ്രവർത്തകർ ജൂണ്‍ 12-ന് തന്നെ ക്രൂരത സംബന്ധിച്ച് വനിതാ കമ്മീഷന് കത്തയച്ചിരുന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന് പുറമേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം ഉള്‍പ്പെടെ മറ്റ് അഞ്ച് പരാതികളും കമ്മീഷന് ഇവര്‍ നല്‍കിയിരുന്നു.
ലോകം മുഴുവൻ പ്രതിഷേധത്തിലമർന്നപ്പോൾ ചട്ടപ്പടി നടപടിയുമായി കമ്മീഷൻ
നിസ്സംഗത പുറത്തായതോടെ സംസ്ഥാന ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി ദേശീയ വനിത കമ്മിഷന്‍. സ്വമേധയാ എടുത്ത കേസിലാണ് നടപടി. നാലുദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ 79 ദിവസങ്ങൾക്ക് ശേഷം ആവശ്യപ്പെട്ടത്.
പരാതി അയക്കുക മാത്രമല്ല സംഭവങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു എന്നിട്ടും………
ആറ് സംഭവങ്ങളിലും എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷന് നൽകിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആള്‍ക്കൂട്ടം വീടുകള്‍ക്ക് തീവെക്കുമ്പോഴും കൂട്ടക്കൊല നടത്തുമ്പോഴും പോലീസുകാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പരാതികൾ വേറെയും ലഭിച്ചിരുന്നു
മണിപ്പുരില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് അമേരിക്കന്‍ മണിപ്പൂര്‍ ട്രൈബല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളും ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നിലും നടപടിയുമുണ്ടായില്ല.
സ്ത്രീകളെ നഗ്നരായി നടത്തിച്ച വീഡിയോ ജൂലായ് 19-ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും ചെയ്തപ്പോൾ മാത്രമാണ് വിഷയത്തില്‍ കമ്മിഷന്‍ ഇടപെട്ടത്.
അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ നേരത്തേ ലഭിച്ചിരുന്നെന്ന് കമ്മീഷൻ അധ്യക്ഷ സമ്മതിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് മണിപ്പുര്‍ ഭരണകൂടത്തോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ വിശദീകരണം.
അതിക്രമങ്ങളെക്കുറിച്ച് മണിപ്പൂരില്‍നിന്ന് മാത്രമല്ല വിദേശത്തുനിന്നുപോലും പരാതികള്‍ ലഭിച്ചിരുന്നു. അതിനാല്‍ പരാതിയുടെ നിജസ്ഥിതി ഉറപ്പാക്കേണ്ടിയിരുന്നു. ഇതിനായി മണിപ്പൂരിലെ സര്‍ക്കാര്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല എന്നുമാണ് ന്യായീകരണം.