മണിപ്പൂരിൽ ആക്രമികൾ നഗ്നയാക്കി നടത്തിച്ച യുവതികളിലൊരാൾ കർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യ. സുബേദാറായിട്ടാണ് ഇദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചത്. കലാപത്തിൽ വീട് അക്രമികൾ തീയിട്ട് നശിപ്പിച്ചതിനാൽ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് 42 കാരിയായ ഇവരിപ്പോൾ കഴിയുന്നത്.
”ജീവിതത്തിൽ ഇതുവരെ നേടിയ സമ്പാദ്യവും അന്തസും അഭിമാനവുമെല്ലാം നഷ്ടമായെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊതുമധ്യത്തിൽ അക്രമികളായ ആൾക്കൂട്ടം തോക്കിൻ മുനയിൽ ഞങ്ങളുടെ വസ്ത്രം അഴിപ്പിച്ചു. വസ്ത്രം അഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കുകയും തള്ളിയിടുകയും നടത്തിക്കുകയും ചെയ്തു. വന്യമൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്”- സൈനികന്റെ ഭാര്യ പറഞ്ഞു. സംഭവ ശേഷം ഭാര്യ കടുത്ത മാനസിക സമ്മർദ്ദം നേരിടുകയും വിഷാദത്തിലേക്ക് പോകുകയും ചെയ്തെന്ന് സൈനികൻ പറഞ്ഞു. കാർഗിൽ യുദ്ധമുന്നണിയിൽ യുദ്ധം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ എന്റെ സ്വന്തം നാട് യുദ്ധക്കളത്തേക്കാൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 3, 4 തീയതികളിലായി ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം പ്രദേശത്തെ ഒമ്പതോളം ഗ്രാമങ്ങളിൽ റെയ്ഡ് നടത്തുകയും വീടുകളും പള്ളിയും കത്തിക്കുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തു. മെയ് 4 ന് അവർ ഞങ്ങളുടെ ഗ്രാമത്തിൽ വന്നു. വീടുകൾ കത്തിക്കാൻ തുടങ്ങിയപ്പോൾ ഗ്രാമവാസികളെല്ലാം പ്രാണനും കൊണ്ടോടി. എന്റെ ഭാര്യയും ഞാനും രണ്ടുവഴിക്കായി. അവളും മറ്റ് നാല് പേരും കാട്ടിലെ ഒരു മരത്തിന് പിന്നിൽ ഒളിച്ചു. അക്രമികളിൽ ചിലരും കാട്ടിലെത്തി. ഭാര്യയെയും മറ്റുള്ളവരെയും അക്രമികൾ കണ്ടുപിടിച്ചെന്നും ഇദ്ദേഹം പറഞ്ഞു.
മറ്റൊരു യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരുപിതാവിനെയും സഹോദരനെയും അക്രമികൾ കൊലപ്പെടുത്തി. ഭാര്യയും കുറച്ച് പേരും സമീപത്തെ പൊലീസ് വാഹനത്തിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അക്രമികൾ അവരെ വാഹനത്തിൽ നിന്ന് വലിച്ചിഴച്ചു. അവർ എന്റെ ഭാര്യയെയും മറ്റ് നാല് പേരെയും കൊണ്ടുപോകുന്നത് എനിക്ക് കാണാമായിരുന്നു. മൂന്ന് സ്ത്രീകളും വസ്ത്രമഴിക്കാൻ നിർബന്ധിതരായി. കൈക്കുഞ്ഞുള്ള യുവതിയെ അവർ പോകാൻ അനുവദിച്ചു.
മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ അച്ഛനും ഇളയ സഹോദരനും എതിർത്തു. അവരെ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊലപ്പെടുത്തിയെന്നും ഇദ്ദേഹം പറഞ്ഞു. ഈ പെൺകുട്ടിയെ പിന്നീട് പകൽ വെളിച്ചത്തിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ഞാൻ എന്റെ ഭാര്യയുമായി ഒരു നാഗ ഗ്രാമത്തിൽ എത്തി. പീഡനത്തിനിരയായ പെൺകുട്ടിയെ അവളുടെ കാമുകൻ കൂട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻ്റ് പ്രക്ഷുബ്ധം
മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തില്‍ സഭ നടപടികള്‍ സ്തംഭിച്ചു.
ലോക്സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം മണിപ്പൂരില്‍ അടിയന്തര ചര്‍ച്ചയാവശ്യപ്പെട്ടു. പത്തിലേറെ അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്ന പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നിയന്ത്രിക്കാന്‍ സ്പീക്കര്‍ വടിയെടുത്തെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് മന്ത്രി രാജ് നാഥ് സിംഗ് എഴുന്നേറ്റ് ചര്‍ച്ചയുണ്ടാകുമെന്നും, സര്‍ക്കാര്‍ തന്നെ ചര്‍ച്ചയാഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ അപലപിച്ചു. നടപടികളിലേക്ക് കടന്ന രാജ്യസഭയും പെട്ടെന്ന് പ്രക്ഷുബ്ധമായി. ബഹളം വച്ച പ്രതിപക്ഷത്തെ ഇരുത്താന്‍ ചെയര്‍മാന്‍ ജഗധീപ് ധന്‍കര്‍ ശ്രമിച്ചെങ്കിലും തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനടക്കം നേര്‍ക്ക് നേര്‍ പോര്‍ വിളിച്ചു.
മണിപ്പൂരില്‍ പ്രതിപക്ഷം നിലപാട് ശക്തമാക്കുമ്പോള്‍, ഭരണപക്ഷവും തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേതടക്കം കലാപങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരിക്കുകയാണ്. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തില്‍ പ്രതികരിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെയും, ഛത്തീസ്ഗഡിലെയും സാഹചര്യങ്ങളെ താരതമ്യം ചെയ്ത് സംസാരിച്ചിരുന്നു. അതേസമയം മണിപ്പൂരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാന്‍ സംയുക്ത പ്രതിപക്ഷ സഖ്യം ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന എംപിമാരും മുഖ്യമന്ത്രിമാരും സംഘത്തിലുണ്ടാകും.


