ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 14 വയസ്സുള്ള സഹോദരിയെ ആക്രമിക്കയും കുടുംബത്തെ ഗുരുതരമായി പരിക്കേൽപ്പിക്കയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ.
കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് മുഹമ്മദ് ഷാനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് പ്രതി 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ആക്രമിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം കോടതി അംഗീകരിച്ചു. 2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവൽ പൊലീസാണ് കേസിൽ കുറ്റപത്രം സമപ്പിച്ചത്.
കുട്ടിയെ കൊലപ്പെടുത്തിയതിനാണ് 302 വകുപ്പ് പ്രകാരം മരണം വരെ വധശിക്ഷ വിധിച്ചത്. സഹോദരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റത്തിന് പോക്‌സോ ആക്ടിലെ നാല് വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവും പിഴയുമാണ്. പിഴയടച്ചില്ലെങ്കില്‍ 11 വര്‍ഷം കൂടെ ശിക്ഷ അനുഭവിക്കണം. ആദ്യം അനുഭവിക്കേണ്ട ശിക്ഷ ജീവപര്യന്തമാണെന്നും കോടതി വ്യക്തമാക്കി.
കുടുംബവഴക്കിന്റെ പേരിൽ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ആറുവയസുകാരൻ അൽതാഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അൽതാഫിന്റെ മാതാവ് സഫിയ, വല്യമ്മ സൈനബ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
സഫിയയെയും മകൻ അൽത്താഫിനെയും ഇയാൾ ആദ്യം ആക്രമിച്ചു. ഇരുവരും മരിച്ചു എന്ന് കരുതിയതിനു ശേഷമാണ് തൊട്ടടുത്ത വീട്ടിൽ ചെന്ന് സഫിയയുടെ മാതാവ് സൈനബയെ ആക്രമിക്കുന്നത്. ഇവരും മരിച്ചു എന്ന് കരുതിയതിനു ശേഷം പ്രതി പെൺകുട്ടിയെയുമായി പുറത്തേക്കെത്തി. ഈ കുട്ടിയെയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വീടിനു സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പൈശാചിക സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുതുവാൻകുടിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം.


