പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഭാര്യ അഫ്സാന ഭർത്താവിനെ കൊന്നു കുഴിച്ച് മൂടിയതാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതു പ്രകാരം ആറ്റിലും തോട്ടിലും എല്ലാമായി പൊലീസ് തിരയുന്നതിനിടെയാണ് ഭർത്താവ് പ്രത്യക്ഷപ്പെടുന്നത്.
നൗഷാദ് തൊടുപുഴയില്‍ ആയിരുന്നെന്നാണ് വിവരം. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പൊലീസ് ചോദ്യം ചെയ്തപ്പോൾ സമ്മതിക്കേണ്ടി വന്നുവോ അതോ മനപൂർവ്വമുള്ള നാടകമോ
അന്വേഷണത്തിൻ്റെ ഒരു ഘട്ടത്തിൽ പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടെ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി അവർ സമ്മതിച്ചതായാണ് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞത് പൊലീസ് അന്വേഷണം ആ വഴിക്കാക്കി. ഇതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.
മകനെ കാണാനില്ലെന്ന് 2021 ൽ ബാപ്പ നൽകിയ പരാതി
പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ ബാപ്പ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് പോലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
അടുത്ത കാലത്ത് അഫ്സാന, അടൂരില്‍വെച്ച് നൗഷാദിനെ കണ്ടതായി പോലീസിനോട് പറഞ്ഞു. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലയ്ക്ക് എടുത്തില്ല. ഈ മൊഴിയാണ് കൊലപാതകമെന്ന സംശയത്തിലേക്കും അഫ്സാനയുടെ നേരേയുമുള്ള അന്വേഷണത്തിലേക്കും പൊലീസിനെ എത്തിച്ചത്.
ഭാര്യയുടെ മൊഴി പ്രകാരം നൗഷാദിനെ കണ്ടുവെന്ന് പറയുന്ന സ്ഥലത്തെ സി.സി.ടി.വി. ഉള്‍പ്പടെയുള്ളവ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറഞ്ഞത്.
ജീവനോടെ കണ്ടു എന്നു ഭാര്യ പറഞ്ഞിട്ടും അവരെ സംശയിച്ച് ചോദ്യം ചെയ്തു
പിന്നീട് അഫ്സാനയെ കൂടുതല്‍ ചോദ്യംചെയ്തു. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നൽകേണ്ടി വന്നത്.
തുടര്‍ന്ന് അഫ്‌സാനയുടെ മൊഴി പ്രകാരം ഇവര്‍ താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വാടകവീടിന്റെ പരിസരത്ത് അഞ്ചുമണിക്കൂറോളം പരിശോധിച്ചു. മാധ്യമങ്ങളും ഫോട്ടോഗ്രാഫറും ഒക്കെയായി നാടകീയമായി നടത്തിയ തിരച്ചിലിൽ മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഭർത്താവിനെ കൊന്നവളാക്കി റിമാൻ്റിൽ ജയലിലേക്ക് അയച്ചു
അഞ്ചുമണിക്കൂറിനിടെ അഞ്ചുതവണ ഇവര്‍ മൊഴി മാറ്റിപ്പറഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. എന്നിട്ടും ഇതിലെ വൈരുദ്ധ്യം കണ്ടെത്താനായില്ല. ഭർത്താവിനെ കണ്ടും എന്ന് പറഞ്ഞത് വിശ്വസിക്കാനും തയാറായില്ല. അഫ്സാന ചോദ്യം ചെയ്യലിൽ മൃതദേഹം സംസ്‌കരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം കുഴിയെടുത്ത് പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല.
കോന്നി ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തര്‍, കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാര്‍, എസ്.ഐ. ഷെമിമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാഴാഴ്ചയാണ് അഫ്സാനയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.അഫ്സാനയെ കോടതി റിമാന്‍ഡ് ചെയ്യുകയും ഉണ്ടായി.


