സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും ഇളക്കി പ്രതിഷ്ഠകൾ. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകി. ഇദ്ദേഹത്തിന് വിജിലന്‍ ഡയറക്ടറായി നിയമനം നൽകി. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം ഇൻ്റലിജൻസ് മേധാവിയാവും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാർതുടരും. ഒപ്പം സായുധ പോലീസ് മേധാവിയുടെ അധിക ചുമതലകൂടി വഹിക്കും.
കെ. പദ്മകുമാറാണ് പുതിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവി. ഈ സ്ഥാനം വഹിച്ചിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്‌ജോഷിയെ പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനാക്കി. ജയില്‍ ഡി.ജി.പി.യായിരുന്ന കെ. പദ്മകുമാറിനു പകരമായി ആ സ്ഥാനത്തേക്ക് ബല്‍റാം കുമാര്‍ ഉപാധ്യായയെ നിയമിച്ചു.
ക്രൈം എ.ഡി.ജി.പി. എച്ച്. വെങ്കടേഷിന് സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെയും ചുമതല നല്‍കി. റെക്കോർഡ്സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജസ് കോർപറേഷന്റെ എം ഡിയാക്കി. ബിവറേജസ് കോർപറേഷന്റെ എം ഡി സ്ഥാനം എഡിജിപി സ്ഥാനത്തിന് തത്തുല്യമാക്കി ഉയർത്തിയാണ് നിയമനം. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനമാറ്റം.
പി പ്രകാശ് മനുഷ്യാവകാശ കമ്മീഷൻ ഐജിയാവും
ഇന്റലിജന്‍സ് ഐ.ജി. പി. പ്രകാശിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പുതിയ ഐ.ജി.യായി നിയമിച്ചു. കൊച്ചിയിലെ പോലീസ് ആന്‍ഡ് കമ്മിഷണര്‍ ഐ.ജി.യായിരുന്ന കെ. സേതുരാമനെ നോര്‍ത്ത് സോണിലെ ഐ.ജി.യായും സ്ഥാനമാറ്റം നിയമിച്ചിട്ടുണ്ട്. നോര്‍ത്ത് സോണ്‍ ഐ.ജി.യായിരുന്ന നീരജ് കുമാര്‍ ഗുപ്തയെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി.യായും ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗം ഐ.ജി.യായിരുന്ന എ. അക്ബറിനെ കോച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഐ.ജി.യായും നിയമിച്ചു.
കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.യായിരുന്ന പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡി.ഐ.ജി.യായും പോലീസ് ജനറല്‍ ഡി.ഐ.ജി.യായിരുന്ന തോംസണ്‍ ജോസിനെ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.യായും നിയമിച്ചു.
ജില്ലകളിലും മാറ്റം
കോഴിക്കോട് റൂറൽ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിനെ സ്പെഷൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്പിയായി നിയമിച്ചു. എറണാകുളം റൂറൽ എസ്പി കെ കാർത്തിക് കോട്ടയം എസ്പിയാകും. കൊല്ലം സിറ്റി കമ്മീഷണറായിരുന്ന ടി നാരായണൻ പൊലീസ് ആസ്ഥാനത്ത് അഡീഷണൽ ഐജിയാകും. പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മീഷണർ.
ഇടുക്കി എസ്പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്പിയായി നിയമിച്ചു. വയനാട് എസ്പി അരവിന്ദ് സുകുമാർ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റാകും. കോട്ടയം എസ്പിയായിരുന്ന ഡി ശിൽപയെ വനിതാ സെൽ എസ്പിയായി നിയമിച്ചു. ഇവർക്ക് വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും. പൊലീസ് ആസ്ഥാനത്തെ അഡീഷണൽ എഐജി ആർ ആനന്ദിനെ വയനാട് എസ്പിയായും നിയമിച്ചിട്ടുണ്ട്.


