അപകീര്‍ത്തിക്കേസില്‍ മാപ്പ് പറയാൻ തയാറല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി.
താന്‍ കുറ്റക്കാരനല്ല. ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ല. മാപ്പു പറയണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു – രാഹുല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മോദി പരാമർശത്തിൻ്റെ പേരിൽ എടുത്ത കേസിലെ രണ്ടുകൊല്ലത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അതിലൂടെ ലോക്‌സഭയുടെ നിലവിലെ സമ്മേളനത്തിലും തുടര്‍ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും രാഹുല്‍ കോടതി മുൻപാകെ അഭ്യർഥിച്ചു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമാണ് രാഹുലിനെതിരായ പരാതിക്കാരൻ ഉന്നയിച്ചത്. ഇത് കേസെടുക്കുന്നതിലും തുടർന്ന് എം.പി.സ്ഥാനം നഷ്ടമാകുന്നതിലും കലാശിച്ചു. മോദി സമുദായത്തെ ഒട്ടാകെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാണിച്ച് ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എ. പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
മാപ്പ് പറയാന്‍ വിസമ്മതിച്ചെന്ന ഒറ്റക്കാരണത്താലാണ് പൂര്‍ണേഷ് മോദി തന്നെ വിശേഷിപ്പിക്കാന്‍ ‘ധിക്കാരി’ തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചു.