തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു കേരളത്തിലേക്ക്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കർണ്ണാടക ഇലക്ഷനിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയുക്കുന്നതിന് പഠന പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണ് സുനിൽ കനഗോലു.
എം പിമാരുടെ പ്രവർത്തനങ്ങൾ പഠിക്കുന്നു
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കനുഗോലുവിന് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. 20 മണ്ഡലങ്ങളെക്കുറിച്ചും രണ്ടാഴ്ചയ്ക്കകം അദ്ദേഹം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. എം.പിമാരുടെ പ്രവര്‍ത്തനവും ഇടപെടൽ ശേഷിയും സ്വാധീനവും സംബന്ധിച്ചും റിപ്പോര്‍ട്ട് വിലയിരുത്തും.
2019 ലെ തിരഞ്ഞെടുപ്പിൽ 20 ൽ 10 സീറ്റിൽ യു ഡി എഫിന് ജനങ്ങൾ വിജയ സമ്മതി നൽകിയിരുന്നു. കോൺഗ്രസ് 17 മുസ്ലീം ലീഗ് രണ്ട്, മാണി ഗ്രൂപ്പ് ഒന്ന് എന്നിങ്ങനെയായിരുന്നു അന്ന് മത്സര രംഗത്ത് ഇറങ്ങിയത്. മാണി ഗ്രൂപ്പ് ഇപ്പോൾ കൂടെ ഇല്ല.
ജനങ്ങളിൽ എത്തിക്കുന്നതിൽ പരാജയം സമ്മതിച്ചു
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അവരുടെ വീഴ്ചകൾ സംബന്ധിച്ച് നിരവധി വിഷയങ്ങളുണ്ടായിട്ടും അവയൊന്നും ജനങ്ങളിലേക്കെത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വിലയിരുത്തല്‍ . സംഘടനാപരമായ പ്രശ്നങ്ങളാണ് ഇത്തരം വിഷയങ്ങൾക്ക് കാരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മോഡി വിജയം മുതൽ കോൺഗ്രസ് വിജയം വരെ
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വലിയ ഊര്‍ജമേകിയ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗോലു സജീവമായിരുന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ദൗത്യസംഘത്തിലും നേരത്തെ കനഗോലുവിനെ ഉള്‍പ്പെടുത്തിയിരുന്നു. ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി തിരഞ്ഞെടുപ്പു രംഗത്ത് കനുഗോലു പ്രവർത്തിച്ചിട്ടുണ്ട്. 2014 ലെ നരേന്ദ്ര മോഡി ടീമിൻ്റെ വിജയത്തിന് പിന്നിൽ ഡാറ്റാ സ്ട്രാറ്റജിസ്റ്റ് ആയി അറിയപ്പെടുന്ന ഇദ്ദേഹത്തിൻ്റെ പങ്ക് നിർണ്ണായകമായിരുന്നു.
പ്രശാന്ത് കിഷോറിൻ്റെ ടീം ക്യാപ്റ്റൻ
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിന് പ്രശാന്ത് കിഷോറിനൊപ്പം ക്യാപ്റ്റൻ സ്ഥാനത്ത് കനുഗോലുവായിരുന്നു. 2016-ല്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും കനുഗോലുവാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ‘നമുക്കുനാമേ’ എന്ന പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു.
കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിന്റെ പ്രചാരണതന്ത്രങ്ങള്‍ ആവിഷ്കരിച്ചതും സുനില്‍ കനുഗോലുവാണ്. കര്‍ണാടകയിലെ ബെല്ലാരിയില്‍ ജനിച്ച് ചെന്നൈയിൽ വളർന്ന വ്യക്തിയാണ് കനുഗോലു. ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ പാടവമുണ്ട്.


