ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍. മുതിര്‍ന്ന പി.ഡി.പി. നേതാക്കള്‍ക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് അവർ തന്നെയാണ് ട്വീറ്റ് ചെയ്ത് അറിയിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ നാലാംവാര്‍ഷിക ദിനത്തില്‍ മെഹബൂബയുടെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സെമിനാർ ആസൂത്രണം ചെയ്തിരുന്നു. ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചു. തുടർന്നാണ് അവരെ വീട്ടുതടങ്ങലിലാക്കിയത്.
വീട് പൂട്ടി താഴിട്ടതിൻ്റെ ചിത്രം സഹിതമാണ് അവർ ട്വീറ്റ് ചെയ്തത്.
പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷനില്‍ തടങ്കലില്‍ വെച്ചിരിക്കയാണ്. മനോവിഭ്രാന്തിയില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളാണ് ഇവ. കശ്മീര്‍ സമാധാനപരമാണെന്ന കോടതിയിലെ അവരുടെ തന്നെ പൊള്ളയായ വാദത്തെ തുറന്നുകാട്ടുന്നു’ – അവര്‍ ട്വിറ്ററില്‍ കുറിച്ചു.
370-ാം വകുപ്പ് എടുത്തുകളഞ്ഞത് ആഘോഷിക്കാന്‍ കശ്മീരികളോട് ആവശ്യപ്പെടുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ശ്രീനഗറിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ജനങ്ങളുടെ യഥാര്‍ഥ വികാരത്തെ ശ്വാസം മുട്ടിക്കാന്‍ മൃഗീയമായ അധികാരം ഉപയോഗിക്കുകയാണ്. 370-ാം വകുപ്പുമായ ബന്ധപ്പെട്ട വാദം മുന്നിലെത്തുമ്പോള്‍ സുപ്രീംകോടതി ഇവ കൂടി പരിഗണിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.


