ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതി രാജ്ഭവനു മുന്നില്‍ പ്രസവിച്ചു. ശുശ്രൂഷ കിട്ടാഞ്ഞതിനാൽ കുഞ്ഞ് മരിച്ചു. രാജ് ഭവനിനടുത്തുള്ള റോഡില്‍വെച്ച് ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് ഇരുപത്തെട്ടുകാരി പ്രസവിച്ചത്. പിന്നാലെ നാട്ടുകാർ ഇടപെട്ട് യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ഹസ്രത്ഗനി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ഗര്‍ഭിണിയായ യുവതിക്ക് കലശലായ വേദന കാരണം ആശുപത്രിയിൽ എത്തിച്ചിരുന്നു. ഭർത്താവ് യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കും ഇന്‍ജക്ഷനും ശേഷം വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശിച്ചു എങ്കിലും കുടുംബത്തിന് താങ്ങാനായില്ല. ഇവർ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പ്രസവം. ആംബുലൻസ് വിളിച്ചെങ്കിലും സമയത്ത് ലഭ്യമായില്ല.
രാജ്ഭവന് മുന്പിലെത്തിയപ്പോള് രക്തസ്രാവമുണ്ടായി. ഇതോടെ തടിച്ചുകൂടിയ ആളുകള്‍ ഒരു സ്ത്രീയുടെ സഹായം തേടി. പിന്നാലെ യുവതി പ്രസവിച്ചു.
മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് യു.പി. മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ട്വീറ്ററിൽ ചോദിച്ചു. ബി.ജെ.പി. രാഷ്ട്രീയത്തിന് വേണ്ടത് ബുള്‍ഡോസറാണ്, ആംബുലന്‍സല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഖിലേഷിന്റെ ട്വീറ്റ്.


