കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം വഴമുട്ടി. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുനടത്തിയ ഫെയ്‌സ്ബുക് പരാമര്‍ശത്തിൽ കൂടുതൽ ഒന്നു പറയാനില്ലെന്ന് നിലപാട് എടുത്തതോടെ കേസിന് തുടർച്ച നഷ്ടപ്പെട്ടു. ഇതിനു പിന്നാലെയാണ് നടപടികള്‍ അവസാനിപ്പിക്കുന്നത്.
ശക്തിധരന്‍ ആരോപണത്തിന് അപ്പുറം ഒന്നും വെളിപ്പെടുത്താൻ ഇല്ലെന്ന നിലപാടിലേക്ക് മാറിയതായാണ് പൊലീസ് റിപ്പോർട്ട്. ഫെയ്‌സ്ബുക്കില്‍ കുറിച്ചതിനപ്പുറം തനിക്കൊന്നും പറയാനില്ല. ഉദ്ദേശിച്ച വ്യക്തികളുടെ പേരുകള്‍ പറയാന്‍ ഇപ്പോള്‍ താത്പര്യമില്ല എന്ന നിലപാടാണ് ശക്തിധരന്‍ എടുത്തത്.
വെളിപ്പെടുത്തലിൽ, വ്യക്തമായ മൊഴി ശക്തിധരൻ നൽകിയില്ല. പണം കടത്തിയെന്ന് ആരോപിച്ച നേതാക്കളുടെ പേര് പൊലീസിനോട് വെളിപ്പെടുത്തിയില്ല. പറയാനുളളതെല്ലാം ഫേസ് ബുക്കിൽ പറഞ്ഞെന്നും കൂടുതൽ പറയാനില്ലന്നുമാണ് മൊഴി നൽകിയതും.
ഇതില്‍ കൂടുതലൊന്നും അറിയില്ലെന്ന് ബെന്നി ബെഹനാനും മൊഴിനല്‍കിയതോടെ കേസിന്റെ തുടര്‍നടപടകള്‍ നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു പോലീസ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.ജി.പി.ക്ക് റിപ്പോർട്ട് ചെയ്തു.
ആരോപണത്തിൽ ഒതുങ്ങി
സി.പി.എമ്മിന്റെ ഉന്നതനായ ഒരു നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍വെച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. ഇതുസംബന്ധിച്ച് ബെന്നി ബഹനാന്‍ എം.പി. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് കേസില്‍ അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡി.ജി.പി. ഈ പരാതി കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറി. തുടര്‍ന്ന് ശക്തിധരന്റെയും ബെന്നി ബഹനാന്‍ എം.പി.യുടെയും മൊഴി രേഖപ്പെടുത്തി.
സി പി എമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ട് ദിവസം ചെലവിട്ട് സമ്പന്നരിൽ നിന്ന് കൈപ്പറ്റിയ രണ്ടരക്കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താൻ സാക്ഷിയാണെന്നും, ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നുമാണ് ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചത്.
നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നുവെന്നും മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.


