ആദിവാസി സമൂഹത്തെ വനവാസികളെന്ന് വിളിക്കുന്നത് ദുരുദ്ദേശപരമാണെന്ന് രാഹുല്‍ഗാന്ധി എം പി. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍ ആദിവാസി സമൂഹങ്ങളെ കാണാറും സംസാരിക്കാറുമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനത്തിലെ ആദിവാസി സമൂഹം പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചു. രാജ്യത്തെ രണ്ട് ആശയങ്ങളെ കുറിച്ചാണ് അന്ന് സംസാരിച്ചത്. നമ്മള്‍ പട്ടികവര്‍ഗ സമൂഹത്തെ ആദിവാസികളെന്നാണ് വിളിക്കാറുള്ളത്. ആദിവാസി എന്നാല്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെന്നതാണ് അര്‍ത്ഥം. ഒരു പ്രത്യേക ചിന്താരീതിയാണത്. ഭൂമിയുടെ ഘടനയെ കുറിച്ചും പാരിസ്ഥിതിയെ കുറിച്ചും അറിവുള്ളവര്‍ എന്നാണതിനര്‍ത്ഥം.
ആദിവാസി സമൂഹമെന്നാല്‍ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ്. അവരുടെ ഭൂമിയുടെ അവകാശം പൂര്‍ണമായി നല്‍കുകയും, അവിടെ പരിപാലനം നടത്താനുള്ള അനുമതിയും നല്‍കണം. ആദിവാസിവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും കമ്പ്യൂുട്ടര്‍ എന്‍ജിനീയര്‍മാരുമെല്ലാം ഉണ്ടാവണം. മികച്ച വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കും. വനാവകാശ നിയമം അനുസരിച്ചുള്ള ഭൂമിയും വീടും വെക്കാനുള്ള അനുമതിയും വേണം. എന്നാല്‍ ഒരു പ്രത്യേക വിഭാഗമായി അവരെ പരിമിതപ്പെടുത്തരുത്. ഇതാണ് ആദിവാസി സമൂഹമെന്ന ആശയം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പുതിയൊരു ആശയവുമായി ചിലര്‍ എത്തിയിട്ടുണ്ട്. അവര്‍ ആദിവാസി സമൂഹത്തെ വിളിക്കുന്നത് വനവാസി എന്നതാണ്. വനവാസി എന്ന് വിളിക്കുന്നതില്‍ ദുരുദ്ദേശമുണ്ട്. വനത്തിന്റെ അവകാശിയാണെന്ന് പറയുമ്പോഴും വനവാസി എന്ന വാചകം കൊണ്ട് അര്‍ത്ഥമാക്കുന്നത് വനംവിട്ട് എവിടെയെും പോകാന്‍ പാടില്ലെന്നും, അവരെ അവിടെ തന്നെ പരിമിതപ്പെടുത്തുകയെന്ന് കൂടിയാണ്.
ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് ചരിത്രത്തെയും സംസ്‌ക്കാരത്തെയും അട്ടിമറിക്കുന്നതാണ്. അവരുടെ രാജ്യവുമായുള്ള ബന്ധത്തെ തകര്‍ക്കുന്നതാണ്. ആദിവാസി സമൂഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഇന്ന് പരിസ്ഥിതി ഒരു ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ ആദിവാസി സമൂഹം പരിസ്ഥിതി സംരക്ഷണം നടത്തുന്നവരാണ്.
അത് അവരുടെ ജീവിതത്തില്‍ നിന്ന് തന്നെ പഠിക്കാനാവുന്നതാണ്. അതുകൊണ്ട് തന്നെ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് നല്ല വിഭ്യാഭ്യാസം, ആശുപത്രി, മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാകണം. ഇക്കാര്യത്തില്‍ ഞങ്ങളെല്ലാം നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും സഹായിക്കാനും നില്‍ക്കുന്നവരാണെന്നും രാഹുല്‍ പറഞ്ഞു.
വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൈ ടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


