കരിഞ്ചൂരൽ മടയിൽ നിന്നും
ഒരു കുറത്തി വന്നു…
കരികല്ല് പോലെ കറുത്തവൾ…
മുടി മൂർദ്ദാവിൽ
കൊണ്ടയായി
കെട്ടി വെച്ചവൾ…
മുറുക്കി ചുവപ്പിച്ച
ഭാവിയെ
ഒരു കഷ്ണം പുകയില
വെച്ച് ഓർക്കാതിരിക്കാൻ
ശ്രമിച്ചവൾ…
പടി കടന്ന് വരുന്ന കുറത്തിയെ കണ്ട്
മാഷ് ഞെട്ടിപ്പോയി…
മാഷപ്പോൾ
കുറത്തി വായിക്കുകയായിരുന്നു…
കരിഞ്ചൂരൽ മടയിൽ നിന്നും
കുറത്തി എത്തുന്നു
എന്ന വരി വായിച്ച്
തൂക്ക് കസേരയിൽ നിന്നും
മാഷ് ചാടിയിറങ്ങി…
കൂട്ടിലെ സിംഹം പോലുള്ള
നായ കുറത്തിയെ കണ്ട്
കുരയ്ക്കാൻ തുടങ്ങി…
മാഷ് മെല്ലെ പറഞ്ഞു…
ഇവിടെയാരുമില്ല…
ടീച്ചർ സ്കൂളിലാണ്…
ഇവിടെയാൾതാമസമില്ല…
എനിക്ക് കൈ നോക്കണ്ട
എനിക്ക് ഭാവിയറിയണ്ട…
കുറത്തി ചിരിച്ചു
അവൾ ചിരിച്ചു കുഴഞ്ഞു…
വില കുറഞ്ഞ നൈലോൺ
സാരിയിലെ പൂവുകൾ
അടിവയറ്റിലേക്ക് വലിച്ച് കുത്തി കുറത്തി
വീണ്ടും മുറുക്കി തുപ്പി….
അയ്യോ എനിക്ക്
കൈ നോക്കണ്ട
ഇവിടെ സി.സി ടി.വിയുണ്ട്…
മാഷ് കരയാൻ തുടങ്ങി…
കുറത്തി വിടാൻ ഭാവമില്ല…
അവള് കൂട്ടിലെ തത്തയെ
പുറത്തിറക്കി…
ഭാവി പറയട്ടെ സാറെ…
കുറത്തി കോലായിൽ
കേറി ചടഞ്ഞങ്ങിരുന്നു…
സാറെ ഞാൻ ഭാവി പറഞ്ഞിട്ടേ പോകൂ…
സാറ് വലിയ രാഷ്ട്രീയക്കാരൻ…
രാഷ്ട്രീയത്തില്
സാറിന്റെ ശത്രുവിന്റെ
പേര് പറയട്ടയോ…
മൂപ്പര് ഇങ്ങക്ക്
എങ്ങിനെയാണ്
അമിട്ട് പണിയുന്നതെന്ന്
പറയട്ടയോ….
ഇങ്ങളുടെ ഭാവി ഞാൻ
പറയട്ടയോ..…
ഒരുപാട് ശത്രുക്കളുള്ള
ആ മാഷ്
സി.സി ടി.വി ഓഫാക്കി
കുറത്തിയോട് പറഞ്ഞു…
പറയു രാഷ്ടീയത്തിൽ
ആരാണ് എന്റെ ഏറ്റവും
വലിയ ശത്രു…
കുറത്തി മാഷിന്റെ
കൈയിലെ ശത്രു സംഹാര
രേഖ നോക്കി
മെല്ലെ പിറുപിറുത്തു.…
നിങ്ങളന്റെ
കറുത്ത മക്കളെ
ബേക്ക് ബെഞ്ചിൽ
ഇരുത്തിയില്ലേ…
കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.