വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മോഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ നിന്ന് 113 കി.മീ. കൂറഞ്ഞ ദൂരവും 157 കി.മീ. കൂടിയ ദൂരവുമുള്ള ഭ്രമണപഥത്തിലേക്ക് എത്തി. അത്രയും അടുത്തെത്തിയ ചന്ദ്രയാന്‍ -3 ദൗത്യ പേടകം ഓഗസ്റ്റ് 20-ന് രാത്രി രണ്ട് മണിക്കാണ് രണ്ടാമത്തെ ഡീബൂസ്റ്റിങ് നടത്തുക.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ടത്. വേര്‍പെട്ട പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തന്നെ വിവിധ നിരീക്ഷണ ദൗത്യങ്ങളുമായി തുടരും. വേര്‍പെട്ടതിന് ശേഷം വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങളും ഓഗസ്റ്റ് 15-ന് പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
അതേസമയം ചന്ദ്രയാന്‍-3 യെ മറികടന്ന് ആദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിലാണ് റഷ്യയുടെ ലൂണ-25 പേടകം.

അമ്പിളിമാമനിലെ ആരും കാണാത്ത ഭാഗം
റഷ്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ലൂണ-25 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ നിന്ന് പകര്‍ത്തിയ ആദ്യമായി പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ മറുവശത്തുള്ള ദക്ഷിണ ധ്രുവത്തിലെ സീമാന്‍ (Zeeman) ഗര്‍ത്തത്തിന്റെ ചിത്രമാണ് പേടകം പകര്‍ത്തിയത്.
പ്രതിഭാസത്തിന് കാരണം ടൈഡൽ ലോക്കിങ്
ചന്ദ്രന്റെ മറുവശം അഥവാ ഇരുണ്ട വശം എന്നറിയപ്പെടുന്ന ഭാഗം ഭൂമിയില്‍ നിന്ന് ഒരിക്കലും കാണാനാവില്ല. ഭൂമിയില്‍ നിന്ന് എപ്പോള്‍ നോക്കിയാലും കാണുന്നത് ചന്ദ്രന്റെ ഒരു വശം തന്നെയാണ്. ടൈഡല്‍ ലോക്കിങ് എന്ന പ്രതിഭാസത്തെ തുടര്‍ന്നാണിത്. ഇതുവഴി ചന്ദ്രന്റെ ഒരുവശം മാത്രം എപ്പോഴും ഭൂമിയ്ക്ക് നേരെ തിരിഞ്ഞിരിക്കും.
ഇത്തവണയും ലൂണ തന്നെ
47 വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ-25. 1959 ല്‍ സോവിയറ്റ് യൂണിയന് വിക്ഷേപിച്ച ലൂണ-3 പേടകമാണ് ആദ്യമായി ചന്ദ്രന്റെ മറുവശത്തെ ചിത്രം പകര്‍ത്തിയത്.
റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിലെ സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച പേടകത്തിലെ എസ്ടിഎസ്-എല്‍ ടെലിവിഷന്‍ കോംപ്ലക്സ് ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. ഇതിന് പുറമെ ADRON-LR, PmL, ARIES-L ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും പേടകം നടത്തി.
ഓഗസ്റ്റ് 21,22 തീയ്യതികളിലായി ചന്ദ്രനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ലൂണ-25. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലാണ് പേടകം ഇറങ്ങുക. ഇത് വിജയകരമായാല്‍ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമെന്ന നേട്ടം ലൂണ-25 ന് കൈവരും. ഈ നേട്ടം കൈവരിക്കാനുള്ള ആത്മവിശ്വാസത്തിൻ്റെ കുതിപ്പിലാണ് ഇന്ത്യയും.


