ഐഎസ്ആര്‍ഒ പരീക്ഷയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘം കൂട്ടമായി ഹൈ ടെക് ക്രിത്രിമം നടത്തിയാതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. വിഎസ്എസ്‌സി ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. റേഡിയോഗ്രാഫര്‍,ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ പരീക്ഷകള്‍ ആണ് റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കണമെന്ന് കേരള പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറട്ടവും നടത്തിയതിനു പിന്നില്‍ വന്‍സംഘമെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
ഉത്തരേന്ത്യയിൽ നിന്ന് വൻ സംഘം
ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പില്‍ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാര്‍ഥ പേര് മനോജ് കുമാറാണെന്നും ഇയാള്‍ പരീക്ഷ എഴുതിയത് സുമിത്തിന് വേണ്ടിയാണെന്നും പൊലിസ് പറഞ്ഞു.
ഹരിയാനക്കാരായ 469 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഇത്രയും പേര്‍ ഹരിയാനയില്‍ നിന്ന് പങ്കെടുത്തതില്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇവരുടെ പിന്നില്‍ ഹരിയാനയിലെ കോച്ചിങ് സെന്ററാണെന്നും പൊലീസ് സംശയിക്കുന്നു.