വി.എസ്.എസ്.സി (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ഉത്തരേന്ത്യൻ സംഘം വൻ തോതിൽ മത്സര പരീക്ഷകളിൽ ആസൂത്രിത ക്രിത്രിമം നടത്തുന്നു എന്ന ഉദ്യോഗാർഥികളുടെ പരാതി വെളിപ്പെടുകയാണ്. ഉന്നത നിലവാലത്തിലുള്ള ചോദ്യ പേപ്പറുകൾ പോലും ഒരേ പോലെ ജയിച്ച് പ്രത്യേക പ്രദേശങ്ങളിലും വിഭാഗത്തിലുമായി ഉള്ളവർ ജോലിയിൽ കയറുന്ന സാഹചര്യം ഏറെ കാലമായി പരാതിയിൽ ഉള്ളതാണ്. എന്നാൽ ഇത് ഉദ്യോഗാർഥികളുടെ നിരാശയിൽ നിന്നുള്ള ആരോപണം മാത്രമായി തള്ളിക്കളയുകയാണ് പതിവ്. ഉദ്യോഗാർഥികൾ സംഘടിതർ അല്ലാത്തതും നിശ്ചിത പരീക്ഷ കഴിഞ്ഞാൽ മറ്റു മേഖലകളിലേക്ക് തിരിയുന്നതും ഇത്തരം ക്രിത്രിമത്വത്തിന് എതിരെ തുടർച്ചയായ പ്രവർത്തിക്കുന്നതിന് സാധ്യത ഇല്ലതാക്കുന്നു. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗാർഥികൾക്കായി ഇത്തരം കാര്യങ്ങൾ പാർലമെൻ്റിൽ ഉൾപ്പെടെ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ വിമുഖരുമാണ്.
പ്രത്യേകം ഉപകരണങ്ങൾ നിർമ്മിച്ച്, ഡാറ്റാ കേന്ദ്രത്തിൽ ഇരുന്ന് നിയന്ത്രിക്കാൻ സംവിധാനം
കോപ്പിയടിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വസ്തുക്കൾ ഉപയോഗിച്ചതായി കമ്മീഷണർ വ്യക്തമാക്കി. ഇവ പ്രാദേശികമായി നിർമിച്ചതാണെന്നാണ് കരുതുന്നത്. മൊബൈൽ ഫോണിനു പുറമെ പ്രത്യേകമായി നിർമിച്ച ഹെഡ്‌സെറ്റും ഇതുമായി ബന്ധപ്പിച്ച മറ്റൊരു ഉപകരണവും ഇവർ ഉപയോഗിച്ചിട്ടുണ്ട്. ഈ ഉപകരണത്തിനകത്ത് സിം കാർഡ് ഇടുന്നതിനുള്ള സൗകര്യമുണ്ട്. ഇവ ബന്ധപ്പെട്ടിരിക്കുന്നത് കണ്ട്രോള്‍ റൂം പോലുള്ള കേന്ദ്രത്തിൽ നിന്നുമാണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഇത്തരം കേന്ദ്രങ്ങളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാമറ ഘടിപ്പിക്കുന്നതിനായി പ്രത്യേകം തുന്നിയ ഷർട്ടാണ് കോപ്പിയടിച്ചവര്‍ ധരിച്ചത്. ബട്ടൺ ഹോളുകളിലാണ് ക്യാമറ വയ്ക്കുന്നത്. ഇത്തരത്തിലുള്ള കോപ്പിയടി കുപ്പായങ്ങൾ ഒരുക്കണമെങ്കിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. മൂന്ന് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവയൊന്നും പുതിയവയല്ല. ഇത് മറ്റ് സ്ഥലങ്ങളിലും ഇവർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കമ്മീഷണർ സൂചിപ്പിച്ചു.
തട്ടിപ്പ് ഏജൻ്റുമാർ വിമാനത്തിൽ പറന്നെത്തി മടങ്ങും
വലിയ സംഖ്യ വാങ്ങിയതിന് ശേഷമാണ് ഇവരെല്ലാം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഒരു സംഘത്തിന്റെ ഭാഗമാണ് പിടിയിലായവർ എന്നാണ് കരുതുന്നത്. വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. വിശദമായ അന്വേഷണത്തിന് ഹരിയാണ പോലീസിന്റെ സഹായം ആവശ്യമാണ്. 2022-ൽ ഡിഫൻസിന്റെ സി ഗ്രൂപ്പ് പരീക്ഷയുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ 29 ഹരിയാണ സ്വദേശികളെ പിടികൂടിയിരുന്നു. ഇം സംഭവത്തിന് നിലവിലെ കോപ്പിയടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തമിഴ്‌നാട് പോലീസിന്റെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാനയിൽ നിന്ന് 469 പേർ വന്നതു തന്നെ സംശയം ബലപ്പെടുത്തി
പരീക്ഷ എഴുതുന്നതിനായി 469 പേരാണ് ഹരിയാണയിൽനിന്നെത്തിയത്. ഇവരിൽ ഭൂരിഭാഗവും മറ്റു പലർക്കുംവേണ്ടി പരീക്ഷയെഴുതാനാണ് സ്ഥലത്തെത്തിയത്. കേന്ദ്രങ്ങളിൽ കയറുന്നവർക്കായി യഥാർഥ അപേക്ഷകരുടെ വ്യാജ ആധാറും മറ്റ് തിരിച്ചറിയൽ രേഖകളും നിർമിക്കും. പകരക്കാരൻ പരീക്ഷയെഴുതി വിജയിച്ചാൽ അഭിമുഖത്തിനും പിന്നീട് ജോലിയിൽ പ്രവേശിക്കാനുമെത്തുന്നത് യഥാർഥ അപേക്ഷകരാകും. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുമ്പോൾ ഫോട്ടോയ്ക്കുള്ള കൃത്യതക്കുറവ് ക്രമക്കേട് നടത്തുന്നവർക്ക് തുണയായെന്നാണ് വിവരം.
പരീക്ഷ റദ്ദാക്കി
ആള്‍മാറാട്ടവും ഹൈടെക്ക് കോപ്പിയടിയും പിടിക്കപ്പെട്ടതിന് പിന്നാലെ വി എസ് എസ് സി നടത്തിയ ടെക്‌നീഷ്യന്‍ ഗ്രേഡിലേക്കുള്ള പരീക്ഷ റദ്ദാക്കി. പുതിയ പരീക്ഷയുടെ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വിഎസ്എസിഎസി അറിയിച്ചു. പരീക്ഷ റദ്ദാക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.