കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അവകാശസമിതി പ്രമേയം പാസാക്കി. ഇത് ഉടന്‍ സ്പീക്കര്‍ക്ക് കൈമാറും. സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷ കക്ഷിനേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്.
ആരുടേയും വികാരത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പരാമര്‍ശമെന്ന് ബി.ജെ.പി. എം.പി. സുനില്‍കുമാര്‍ സിങ് അധ്യക്ഷനായ അവകാശസമിതിക്ക് മുമ്പാകെ അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചിരുന്നു.
ഓഗസ്റ്റ് 18-ന് നടന്ന അവകാശസമിതിയോഗത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ‘ഇന്ത്യ’ മുന്നണിയിലെ അംഗങ്ങളുടെ ആവശ്യം ബി.ജെ.പി. അംഗങ്ങള്‍ എതിര്‍ത്തിരുന്നില്ല. 14 അംഗ സമിതിയില്‍ കൊടിക്കുന്നില്‍ സുരേഷ്, കല്യാണ്‍ ബാനര്‍ജി, ടി.ആര്‍. ബാലു, ഓം പ്രകാശ് ഭുപാല്‍സിങ് അടക്കം നാല് ‘ഇന്ത്യ’ മുന്നണിയിലെ അംഗങ്ങളാണുള്ളത്.
മണിപ്പുര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. ബുധനാഴ്ച സമിതിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയോട് ആവശ്യപ്പെട്ടിരുന്നത്.

പ്രതിപക്ഷ കക്ഷി നേതാവിനെ പുറത്താക്കുന്നത് ചരിത്രത്തിൽ കാണാത്ത നടപടി
സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷ കക്ഷിനേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയെ നോക്കി, സാമ്പത്തികത്തട്ടിപ്പിനെത്തുടര്‍ന്ന് രാജ്യംവിട്ട നീരവ് മോദിയുടെ പേരുമായി ചേര്‍ത്ത് അധീര്‍ ചൌധരി വിമർശനം ഉന്നയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി. അംഗം ബിരേന്ദ്ര സിങ് ഭരണപക്ഷത്ത് സോണിയാഗാന്ധിയും അധീറും ഇരിക്കുന്ന ഒന്നാം നമ്പര്‍ ഇരിപ്പിടത്തിനരികിലേക്ക് ആക്രോശിച്ച് എത്തി. കൈയാങ്കളിയുടെ വക്കിലെത്തിയതോടെ പ്രതിപക്ഷാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ചേര്‍ന്ന് പിന്തിരിപ്പിച്ചു. ഇതോടെ, കൈയേറ്റം ഒഴിവായി.
മോദിയുടെ പ്രസംഗം കഴിഞ്ഞയുടന്‍ സ്പീക്കര്‍ അധീര്‍- ബിരേന്ദ്ര സിങ് വിഷയം പരിഗണിച്ചു. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ ബിരേന്ദ്ര സിങ് ഖേദം പ്രകടിപ്പിച്ചു. സഭയിലില്ലാതിരുന്നതിനാല്‍ അധീറിന് പ്രതികരിക്കാനായില്ല. വൈകാതെത്തന്നെ അധീറിനെ സസ്‌പെന്‍ഡുചെയ്ത പ്രമേയം സഭ പാസാക്കുകയായിരുന്നു.
തുടര്‍ന്ന് വിഷയം പ്രിവിലേജ് കമ്മിറ്റിക്കുവിട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് വരുംവരെയായിരുന്നു സസ്‌പെന്‍ഷന്‍. അധീറിന്റെ വിവാദപരാമര്‍ശങ്ങള്‍ സ്പീക്കര്‍ സഭയുടെ രേഖയില്‍നിന്ന് നീക്കിയിരുന്നു.


