സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനം വിളിച്ചത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഒരു ‘രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മാണം ഏക സിവില്‍ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകൾ പ്രത്യേക സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് തിടുക്കപ്പെട്ടുള്ള പ്രത്യേക സമ്മേളന ലക്ഷ്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. ഒറ്റ തിരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുമ്പോള്‍ അഞ്ചോളം അനുച്ഛേദങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. പാര്‍ലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകള്‍ പിരിച്ചുവിടല്‍, ലോക്സഭ പിരിച്ചുവിടല്‍, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടിവരിക. ഇതെല്ലാം കേന്ദ്ര ആധിപത്യത്തിലേക്ക് നയിക്കാം.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് അറിയിച്ചത്. അഞ്ചുദിവസവും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില് കേന്ദ്രം വ്യക്തത വരുത്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള പ്രത്യേക സമ്മേളനത്തില്‍ എന്തൊക്കെ അജൻഡകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത് എന്നത് നിർണായകമാണ്. പ്രതിപക്ഷ ബഹളങ്ങൾക്ക് ഇടയിൽ എതിർപ്പും വിരുദ്ധ അഭിപ്രായങ്ങളുമുള്ള വിഷയങ്ങളിൽ ബില്ലുകൾ യഥേഷ്ടം അവതരിപ്പിച്ചാണ് കേന്ദ്ര സർക്കാർ തന്ത്രം പ്രയോഗിച്ചിരുന്നത്.
രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.
പലതരം അഭ്യൂഹങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യത്തെ അഭ്യൂഹം തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന സൂചനയാണ്. നേരത്തെ മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കളും ഈ കാര്യം പറഞ്ഞിരുന്നു. രണ്ടാമതായി ഉയരുന്ന അഭ്യൂഹം ഒരു പ്രധാനപ്പെട്ട ബില്ല് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ്. ഒരു പ്രധാനപ്പെട്ട ബില്ല് കൊണ്ടുവരുകയും അതിൻമേൽ രാജ്യസഭയിലും ലോക്സഭയിലും ചർച്ച നടത്തുകയും ചെയ്യുകയെന്നതും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന കാര്യമാണ്. ഇനി വരാനിരിക്കുന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞടുപ്പുകൾ നടന്ന ശേഷമെ പാർലമെന്റ് സമ്മേള്ളനം വിളിക്കാൻ കഴിയു എന്നുള്ളതാണ് കാരണം.


