ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഇടം നേടിയില്ല. ഇതിനു പുറമെ സ്പിന്നര്‍മാരായ ആര്. അശ്വിന്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏക ദിന മത്സരത്തിനുള്ള ടീമിനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ബിസിസിഐ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചത്.
ഏഷ്യ കപ്പ് ടീമിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ലോകകപ്പ് ടീമിൽ വരുത്തിയിട്ടില്ല. പതിനേഴംഗ ഏഷ്യ കപ്പ് ടീമിൽ നിന്നും രണ്ട് താരങ്ങളെ ഇന്ത്യ ഒഴിവാക്കി. തിലക് വർമ്മ, പ്രസീദ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്.
രോഹിത് ശര്‍മയാണ് നായകൻ. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വര്‍മയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം ലഭിച്ചില്ല. ഒക്ടോബര്‍ 5ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ട് – ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക.
കെ.എല്‍ രാഹുലും ഇഷാന് കിഷനും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം. സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡുമായും നായകന് രോഹിത് ശര്‍മ്മയുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീലങ്കയിലേക്കെത്തിയിരുന്നു.
ഏഷ്യാ കപ്പിന് പ്രഖ്യാപിച്ച ടീമില്‍ നിന്നാവും 15 അംഗ ഏകദിന ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്ന് നേരത്തെ അഗാര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്, യുവ ഇടം കൈയന്‍ ബാറ്റ്സ്മാന് തിലക് വര്‍മ, വലം കൈയന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലോകകപ്പ് ടീമില്‍നിന്ന് പുറത്തുപോകും എന്നും വാർത്തായിയിരുന്നു.
ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം :
രോഹിത് ശർമ്മ (c), ഹാർദിക് പാണ്ഡ്യ (വിസി), വിരാട് കോലി, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ (wk), ഇഷാൻ കിഷൻ (wk), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് , രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ
ഈ മാസം 28 വരെ ടീമിൽ മാറ്റങ്ങൾ വരുത്താൻ ടീമുകൾക്ക് സാധിക്കും. എന്നാൽ അതിന് ശേഷം മാറ്റങ്ങൾ വരുത്തുവാൻ ഐസിസിയുടെ അനുമതി ആവശ്യമാണ്.


