കണ്ണൂരില്‍നിന്ന് തൃശ്ശൂരിലേക്ക് കുടിയേറി ഉന്നതബന്ധങ്ങളുണ്ടാക്കി കോടീശ്വരനായ പി. സതീഷ്‌കുമാര്‍ എന്ന വെളപ്പായ സതീശൻ ആരുടെയൊക്കെ പേരു വെളിപ്പെടുത്തും. മത നേതാക്കൾ, രാഷ്ട്രീയ ഉന്നതർ, പൊലീസ് ഓഫിസർമാർ, ഡോക്ടർമാർ, എന്നിങ്ങനെ വെളപ്പായ സതീശൻ്റെ കൈമറിഞ്ഞത് പലരുടെയും കോടികളാണ്.
കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാല്‍ മുണ്ടോറപ്പൊയിലിലെ സാധാരണ വീട്ടില്‍ ജനിച്ച സതീഷ് 1988-ലാണ് തൃശ്ശൂരിലെത്തിയത്. ബാഗ് തുന്നുന്ന കടയിലും ഹോട്ടലിലും ഒക്കെ ജോലി ചെയ്ത് പിന്നീട് വട്ടിപ്പലിശക്കാരനായി, പണം വെളുപ്പിക്കലുകാരനായി വളർന്നു പന്തലിച്ചു. ഉന്നതരുടെ താങ്ങും തണലും ഏറ്റ് ഉയർന്ന് അവർക്ക് തണലായി പന്തലിച്ച കഥകളാണ് പുറത്ത് വരുന്നത്. ഇത് എത്ര മാത്രം ഇനി പുറത്തെത്തും എന്നതാണ് സമൂഹം കാത്തിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്കില്‍ ഏറ്റവും വലിയ തട്ടിപ്പുനടത്തിയ കിരണുമായി അടുത്ത ബന്ധമുണ്ടെന്ന വിവരമാണ് ഇ.ഡി.യുടെ പിടിവീഴാന്‍ കാരണമായത്. ബാങ്കിലെ വെറും കളക്ഷൻ ഏജൻ്റായിരുന്നു കിരൺ. അംഗത്വം പോലുമെടുക്കാതെ കിരണ്‍ 35 കോടിയാണ് ബാങ്കില്‍നിന്ന് തട്ടിയത്. കിരണുമായി ചേര്‍ന്ന് സതീഷ് വിദേശത്ത് മിനറല്‍ വാട്ടര്‍ കമ്പനി ഉള്‍പ്പെടെ അഞ്ച് വ്യാപാരക്കമ്പനികള്‍ തുറന്നെന്ന വിവരവും ഇ.ഡി. പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ മാന്യമായ നിലയിൽ വളർന്നു വന്ന സഹകരണ സ്ഥാപനങ്ങളുടെ മുഴുവൻ വിശ്വസ്യതയെ തന്നെ തകർക്കുന്ന തട്ടിപ്പിൻ്റെ മുഖ്യകണ്ണികളാണ്. എങ്കിലും ഇതോടെ മറ്റു പലരുടെയും കഥകൾ പശ്ചാത്തലത്തിലേക്ക് മായും.
തിരഞ്ഞെടുപ്പ് ഫണ്ട് ഇറക്കിയാണ് ആദ്യ കരുക്കൾ ഇയാൾ നീക്കിയത്. വന്‍ തുക നല്‍കി പ്രചാരണങ്ങളില്‍ നേതാക്കള്‍ക്കൊപ്പം ഫോട്ടോകളെടുത്തു. ഇവ ഉപയോഗിച്ച് ബിസിനസ് പ്രൊഫൈൽ വലുതാക്കി. ഫണ്ട് കിട്ടിയ നേതാക്കളും പാർട്ടികളും നിശ്ശബ്ദരായി. ഇതു വഴി സാധാരണക്കാരിലും കള്ളപ്പണക്കാരിലും സ്വാധീനവം വിശ്വാസവും ഉറപ്പിച്ചു.
ജപ്തിയായ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ സഹകരണസ്ഥാപനങ്ങളില്‍നിന്ന് പുതിയ വായ്പകള്‍ സംഘടിപ്പിച്ച് നൽകി. സ്വാധീനം ഉപയോഗിച്ച് വായ്പകള്‍ പുതുക്കി കമ്മിഷന്‍ വാങ്ങി. ഇടതു സഹകരണരംഗത്തെ ചില ഉന്നത രാഷ്ട്രീയക്കാരും കൂടെ നിന്ന് കൊഴുക്കാൻ തിടുക്കപ്പെട്ടു. പാർട്ടി വിട്ട് വീണ്ടും തിരിച്ചെത്തിയ നേതാവ് വരെ പേരിലുണ്ട്.
ജപ്തിയായ വസ്തുക്കള്‍ ലേലത്തിനെടുത്ത് മറിച്ചുവിറ്റും പണമുണ്ടാക്കി. ഇതോടെ പലിശയ്ക്കുള്ള പണമിടപാട് വ്യാപകമാക്കി. അതോടെ കള്ളപ്പണം പുറത്തുകാണിക്കാന്‍ കഴിയാത്തവര്‍ സതീഷിനെ ബിനാമിയാക്കി ഇടപാട് നടത്തി. നിശ്ചിത കമ്മിഷന്‍ വ്യവസ്ഥയിലായിരുന്നു ഇടപാട്.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും മതനേതാക്കളും രാഷ്ട്രീയനേതാക്കളും സതീശനെത്തേടിയെത്തിയിരുന്നതായി വാർത്തകൾ പുറത്തായി. നോട്ടുനിരോധനക്കാലത്ത് സതീശന്‍ കോടികളുടെ നോട്ട് കരുവന്നൂര്‍ ഉള്‍പ്പെടെ വിവിധ സഹകരണബാങ്കുകളില്‍ മാറ്റിയെടുത്തതായി അന്വേഷകർ സംശയിക്കുന്നുണ്ട്.

സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇ.ഡി. അറസ്റ്റുചെയ്തത്. കിരണിന് ബാങ്കില്‍ അംഗത്വംപോലുമില്ല. ഇയാള്‍ക്ക് വായ്പനല്‍കാന്‍ പാവപ്പെട്ടവരായ ഒട്ടേറെപ്പേരുടെ രേഖകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. അവര്‍പോലുമറിയാതെയാണ് ആ രേഖകള്‍ ഈടായിസ്വീകരിച്ച് ബാങ്ക് വായ്പയനുവദിച്ചത്.
ചെക്ക് മുഖേനയോ ബാങ്ക് ട്രാന്‍സ്ഫറോ അല്ലാതെ പണമായാണ് തുക കൈമാറിയിരുന്നത്. പണം കിരണിന് ലഭിക്കുമ്പോള്‍ അതുവാങ്ങുന്നതിന് സതീഷ്‌കുമാര്‍ ചാക്കുമായിവരും. മൂന്നും നാലും കോടി രൂപ ഈ രീതിയില്‍ കൊണ്ടുപോയി. ഇങ്ങനെ 14 കോടിരൂപ സതീഷിന് പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനായ കിരണും ബാങ്ക് ജീവനക്കാരും സതീഷിനെ ഭയന്നിരുന്നതായും ഇ.ഡി. വ്യക്തമാക്കുന്നു. സതീശന് ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളിൽ വേറെയും ഇടപാടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കിരൺ വായ്പയെടുത്ത തുക നേരിട്ടും അല്ലാതെയും സതീഷ് കുമാറിനാണ് നൽകിയതെന്ന് കണ്ടെത്തി. 24.56 കോടി രൂപ വായ്പയെടുത്തതിൽ 14 കോടിയിലേറെ രൂപ സതീഷിനു നൽകിയെന്നും കിരൺ പറയുന്നു. എന്നാൽ കരുവന്നൂർ ബാങ്കിൽ നിന്ന് കിരൺ എടുത്ത തുകയിൽ 2.15 കോടി രൂപ മാത്രമാണ് തനിക്കു ലഭിച്ചതെന്നാണ് സതീഷ് കുമാർ നൽകിയ മൊഴി.
സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് അംഗത്വം നൽകരുതെന്ന വ്യവസ്ഥ ലംഘിച്ച് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കൊടുങ്ങല്ലൂർ സ്വദേശിയായ കിരണിന് അംഗത്വം നൽകിയെന്നും ഇയാളുടെയും മറ്റ് 51 അംഗങ്ങളുടെയും പേരിൽ ഇയാൾക്ക് 24.56 കോടി രൂപ വായ്പ നൽകിയെന്നും ഇ ഡി സമർപിച്ച റിപ്പോർട്ടിൽ പറയുന്നു. കിരണിന് നൽകിയ വായ്പ പലിശയടക്കം 48.57 കോടി രൂപ വരും. ഈ തുക പല വ്യക്തികളുടെ അക്കൗണ്ടുകളിലേക്കും കിരണിന്റെ ബിസിനസ് സ്ഥാപനങ്ങളിലേക്കും പോയെന്ന് കണ്ടെത്തി.


