നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചു മകന്‍ ചന്ദ്രബോസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. സുഭാഷ് ചന്ദ്രബോസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുമെന്ന വാഗ്ദാനം പാര്‍ട്ടി പാലിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞു എന്ന നിലാപാട് അവതരിപ്പിച്ചാണ് രാജി. 2016 ല്‍ ബിജെപിയില്‍ ചേര്‍ന്ന ചന്ദ്രബോസ് അതേ വര്‍ഷം ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്കും 2019 ല്‍ ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു.
പറഞ്ഞത്
‘ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്രബോസിന്റെയും പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ എന്നെ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല,’
2016 ല്‍ പശ്ചിമ ബംഗാളില്‍ ബിജെപി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ കൂടി. 2020 ല്‍ ബിജെപി പുനഃസംഘടനയ്ക്ക് ശേഷം ചുമതലയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യം വരെ എത്തി.
ബിജെപിയുമായുള്ള ചര്‍ച്ചകള്‍ സുഭാഷ് ചന്ദ്ര ബോസിന്റേയും ശരത് ചന്ദ്രബോസിന്റേയും സ്വാതന്ത്യസമര തത്വങ്ങൾ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ബിജെപി വേദിയിലിരുന്ന് ജാതി മതങ്ങള്‍ക്ക് അതീതമായി എല്ലാവരേയും ഒന്നിപ്പിക്കുന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ ചട്ടക്കൂടിനുള്ളില്‍ ഇരുന്ന് ആസാദ് ഹിന്ദ് മോര്‍ച്ച രൂപീകരിക്കാനും തീരുമാനമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന വിശദീകരണവും അദ്ദേഹം നൽകി.
സിഎഎ വിഷയത്തില്‍ ഉള്‍പ്പെടെ ബിജെപിയുടെ നിലപാടുകളെ ചന്ദ്രബോസ് നിശിതമായി വിമർശിച്ചിരുന്നു.