ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുവിളിക്കാവുന്ന സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സ്നേഹംകൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്‍കിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര വിജയം എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി യു.ഡി.എഫിന് നല്‍കിയത്.
ടീം യുഡിഎഫിനുള്ളതാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സ്നേഹത്തിന്റെയും വിജയമാണ് പുതുപ്പള്ളിയില്‍ കണ്ടത്.
ഒറ്റക്കെട്ടായി നിന്ന് പോരാടിയാല്‍ ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം ആവര്‍ത്തിക്കാം. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ഈ ജനവിരുദ്ധ സര്‍ക്കാരിനെ 2026-ല്‍ താഴെയിറക്കാം. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്കും ഒപ്പം നിന്ന കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സഹതാപ തരംഗമെന്ന് എം വി ഗോവിന്ദൻ
തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വിജയം ഉമ്മന്‍ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുണ്ടായ സഹതാപതരംഗം മൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ താക്കീതായ കാണാന്‍ സാധിക്കില്ലെന്നും സഹതാപതരംഗത്തിനു മുന്നില്‍ സര്‍ക്കാരിനെ പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സന്ററില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ പതിമൂന്നാമത്തെ ജയമാണിതെന്ന് ചാണ്ടി ഉമ്മന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. സഹതാപതരംഗമാണ് പുതുപ്പള്ളിയിലെ യുഡിഎഫ് വിജയത്തിനു കാരണം. അതാണ് വസ്തുത. മറ്റ് ചേര്‍ത്തുപറയുന്നതൊക്കെ രാഷ്ട്രീയമാണ്. അത് പിന്നീട് ചര്‍ച്ചചെയ്യാം.


