കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന ബിജുവിൻ്റെ മാധ്യമങ്ങൾക്ക് മുൻപാകെയുള്ള പ്രസ്താവനയ്‌ക്കെതിരേ രേഖകൾ പുറത്ത് വിട്ടു.
പി കെ ബിജു പറഞ്ഞത്
എന്നാൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. നേതാവും മുന്‍ എം.പി.യുമായ പി.കെ.ബിജു പറഞ്ഞു. അനില്‍ അക്കരയുടെ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണ്. കരുവന്നൂര്‍ കേസിലെ പ്രതിയുമായി ഒരു ബന്ധവുമില്ല. അനില്‍ അക്കരയുടെ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി.കെ. ബിജു മാധ്യമങ്ങളോട് പറഞ്ഞു.
അനില്‍ അക്കരയുടെ ആരോപണം കേട്ടപ്പോള്‍ അദ്ഭുതം തോന്നി. നാളിതുവരെ പറയാത്ത, നട്ടാല്‍ കുരുക്കാത്ത നുണപ്രചാരണമാണ് അദ്ദേഹം അഴിച്ചുവിടുന്നത്. വടക്കാഞ്ചേരിയിലും മുളങ്കുന്നത്തുകാവിലും താന്‍ വാടകയ്ക്കാണ് താമസിച്ചത്. തന്റെ അക്കൗണ്ടില്‍നിന്നാണ് മാസംതോറും അതിന്റെ വാടക കൊടുത്തതെന്നും പി.കെ.ബിജു പറഞ്ഞു.
”പി.കെ.ബിജു ഇതുവരെ പ്രവര്‍ത്തിച്ചത് കള്ളപ്പണക്കാരുടെ മെന്റര്‍ഷിപ്പിലാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. അധിക്ഷേപകരമായ പരാമര്‍ശമാണിത്. പാര്‍ട്ടിയും ജനങ്ങളുമാണ് ഞങ്ങളുടെ മെന്റര്‍മാര്‍. ഒരു കള്ളപ്പണക്കാരന്റെയും മെന്റര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കേണ്ടകാര്യം ഞങ്ങള്‍ക്കില്ല. 2009-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മുതല്‍ അനില്‍ അക്കര വ്യക്തിഹത്യ നടത്തുന്നുണ്ട്. എനിക്കെതിരേ ഹൈക്കോടതിയില്‍ കേസ് കൊടുത്തു, തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. ഇതിനെല്ലാം പിന്നില്‍ അക്കരയാണ്. പൊതുപ്രവര്‍ത്തകരെ വ്യക്തിഹത്യ ചെയ്യുകയെന്നതാണ് അനില്‍ അക്കരയുടെ സമീപനം. സുതാര്യമല്ലാത്ത എന്തെങ്കിലും ഇടപാടുണ്ടെങ്കില്‍ അക്കാര്യംകൂടെ വെളിച്ചത്തുകൊണ്ടുവരണം”, അദ്ദേഹം പറഞ്ഞു.
അനിൽ പറഞ്ഞത്
കല്ലുവെച്ച നുണ പറയുന്നതാരാണ്? കരുവന്നൂര്‍ ബാങ്കിലെ സിപിഎം കമ്മീഷന്‍ അംഗമായ പി.കെ. ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷന്‍ ഇല്ലന്ന്. പാര്‍ട്ടിയാപ്പീസില്‍ ഇരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് അരിയങ്ങാടിയില്‍പ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു?? താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ ചോദിക്ക് താനാരാണെന്ന് അതാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്- അനില്‍ അക്കരെയുടെ കുറിപ്പില്‍ പറയുന്നു.
സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അടങ്ങുന്ന രേഖയാണ് അനില്‍ അക്കര പുറത്തുവിട്ടത്. കരുവന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷിക്കാന്‍ പി.കെ. ബിജുവിനെ ചുമതലപ്പെടുത്തി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതായി രേഖ പറയുന്നു. തന്റെ ആരോപണങ്ങള്‍ നിഷേധിച്ച് പി.കെ. ബിജു പത്രസമ്മേളനം നടത്തിയതിനു പിന്നാലെയായിരുന്നു അനിലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.
പാർട്ടി രേഖ



