ഒരു പുലര്‍കാല സ്വപ്‌നത്തിന്റെ
സ്വര്‍ണ്ണ രഥത്തിലേറി നീ
വീണ്ടുമെന്‍ മനസ്സിന്റെ
മണി വാതില്‍ മറനീക്കി.
ആ രണ്ടു പൂത്തുമ്പികള്‍
തേന്‍ നുകര്‍ന്നുല്ലസിക്കുന്ന
ചിത്രമെന്നുള്ളിലുണരുമ്പോൾ
കുറ്റ ബോധത്താല്‍ കുനിയുന്നു
നിന്നെ ഞാനോര്‍ത്തില്ലല്ലൊ..
ചാക്കു നൂല്‍ കെട്ടിയ
കടലാസു സഞ്ചിയില്‍
ഇലത്താളുകളും
ഈര്‍ക്കിലി പേനയും
എന്റെ തോളിലിട്ടൊരു
കുഞ്ഞു പാത്രത്തില്‍
മണ്ണരിച്ചോറും തളി-
രിലക്കറിയുമായ്
നീ ഒരക്ഷയ പാത്രമായ്
അമ്മയായ് ത്യാഗ-
മായെന്നെ കാത്തിരിയ്ക്കും.
പിന്‍തിരിഞ്ഞെറിയുന്ന
വളപ്പൊട്ടു തേടവേ
കണ്ടാലുമെടുക്കാതെ
എനിക്ക് ചൂണ്ടിക്കാട്ടി
തോല്‍വിയുടെ സോമരസം
പകര്‍ന്നു നീ യാനന്ദിക്കും.
ഒരു നല്ല ബാല്യത്തിന്റെ
വര്‍ണ്ണ വളച്ചിന്തുകള്‍
നീയെനിക്കു തന്നു
തളിരിട്ട കൗമാരത്തിന്റെ
നിറമുള്ള മോഹങ്ങള്‍
ആരാനും വേണ്ടി നീ
വിവര്‍ണ്ണമാക്കി.
എവിടെയാണിന്ന് നീ
ആരാണു നീയിന്ന്
അറിയില്ല,തിരക്കിയില്ല
അറിയുന്നതൊന്നു മാത്രം
നിന്‍ മുഗ്ദ്ധ സ്‌നേഹവും
നറുനിലാവോലും പുഞ്ചിരിയും…