ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള ബില്‍ നിയമമായി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയോ അക്രമത്തിനു പ്രേരിപ്പിക്കുകയോ ചെയ്താല്‍ ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ രണ്ടുലക്ഷം വരെ പിഴയുമാണ് ശിക്ഷ. കഠിനമായ ദേഹോപദ്രവം ഏല്‍പ്പിച്ചാല്‍ ഒന്നുമുതല്‍ അഞ്ചുലക്ഷം വരെ പിഴയുമാണ് ശിക്ഷ.
ആരോഗ്യ രംഗത്തെ ചൂഷണവും അശ്രദ്ധയും നിരീക്ഷിക്കാൻ ആരുണ്ട്
ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നത് കുറ്റകരമാക്കിയ വ്യവസ്ഥ മാത്രമാണ് ഇതിൽ നിന്നും ഒഴിവാക്കിയത്. മൂന്നുമാസം വരെ വെറുംതടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. എതിര്‍പ്പിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതിബില്ലില്‍ നിന്ന് വാക്കാല്‍ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു.
ഡോക്ടർ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ എന്നത് ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത. വാക്കാൽ പോലും ചോദ്യം ഉന്നയിക്കാൻ പറ്റാത്ത പദവി എന്ന നിലയ്ക്ക് മാറ്റുന്നതിന് ന്യായം നൽകുകയായിരുന്നു ആദ്യ നിർദ്ദേശത്തിൽ. ഇനിയും ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കോടികളുടെ ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യുന്ന വൻ കിട ആരോഗ്യം സംരക്ഷണ സ്ഥാപനങ്ങളിലെ ഒറ്റപ്പെട്ട രോഗികൾക്ക് എന്തു തരം സംരക്ഷണം ലഭിക്കും എന്നത് സംശയകരമാണ്. വിശേഷിച്ചും രാഷ്ട്രീയവും അധികാരവും ഇത്തരം സ്ഥാപനങ്ങൾക്ക് ഒപ്പം നിൽക്കുന്ന പ്രവണത പ്രത്യക്ഷമാണ് എന്ന സാഹചര്യത്തിൽ.
വയറ്റിൽ കത്രിക വെച്ച് തുന്നിയിട്ടും അത് ഞങ്ങളല്ല എന്ന് വരുത്തി തീർക്കാൻ സംഘടിത ശ്രമം ഉണ്ടായത് കേരളത്തിൻ്റെ ഞെട്ടലാണ്. മെഡിക്കൽ രംഗത്തെ ഉയർന്ന ബോഡി തന്നെ ഇതിനെ ന്യായീകരിച്ചും തെറ്റിദ്ധരിപ്പിച്ചും രംഗത്ത് എത്തി. ഇവർ ആരുടെ താത്പര്യവും എത്തിക്ക്സുമാണ് സംരക്ഷിക്കുന്നത് എന്ന് ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചപ്പോഴാണ് രോഗികൾക്ക് അഞ്ചു വർഷം തടവുമായി പുതിയ നിയമം എടുത്തു ചാടി വരുന്നത്.
നിസ്സാരകാര്യങ്ങള്‍ക്കുളള ദുരുപയോഗസാധ്യത കണക്കിലെടുത്താണ് ഒഴിവാക്കല്‍ എന്ന ഔദാര്യവും ഇതോടൊപ്പം വിശദീകരിക്കുന്നുണ്ട്. എന്നാൽ വയറ്റിൽ കത്രിക കുടുങ്ങിയട്ട് വരെ സംഘടിത ശക്തിയായി നിന്ന് ന്യായീകരിക്കുന്ന ചിത്രമാണ് കേരളത്തിലുള്ളത്. മെഡിക്കൽ എത്തിക്ക്സ് എന്നത് അതത് സമയത്തെ ന്യായീകരണമായി. മരുന്നു കമ്പനികളുടെ സ്പോൺസർ ഷിപ്പും സമ്മാനങ്ങളുമായി ഈ രംഗം കൊഴുക്കുകയാണ്.
ഇവയൊന്നും പരിഗണിക്കാതെ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ എന്ന പേരിൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുററമാക്കി ചോദ്യം ചെയ്യുന്നതിനെ മാറ്റിയിരിക്കയാണ് എന്ന വികാരമാണ് ജനങ്ങൾ പങ്കു വെക്കുന്നത്. ഈ രംഗത്തെ തൊഴിൽ പണത്തിൻ്റെ അളവിൽ വിലയിരുത്തുന്ന പ്രവണ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഇത് പരിഗണിക്കാതെ രോഗികളുടെയും പിഴവുകൾക്ക് ഇരയാവുന്നവരുടെയും പ്രതികരണങ്ങളെ ക്രിമിനൽ കുറ്റമാക്കി തീർക്കുന്ന സാഹചര്യമാണ്.


