വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ ഒന്‍പത് ഗ്രാമപഞ്ചായത്തികളിലെ എല്ലാ വാര്‍ഡുകളെയും സോണില്‍ നിന്നും ഒഴിവാക്കുന്നതായി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പ്രദേശത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ തുടരണം എന്നതാണ് നിബന്ധന.
വടകര താലൂക്കില്‍ മരണപ്പെട്ടവരുമായും നിപ പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും ഇതിനോടകം കണ്ടെത്തിയതായും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
സ്കൂളുകൾ എന്ന് തുറക്കും കുട്ടികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തിൽ
വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ഉണ്ടായില്ല. ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു എങ്കിലും അധ്യാപകരും വിദ്യാർഥികളും ഇതിന് പൂർണ്ണ സജ്ജരാവാത്ത സാഹചര്യമാണ്. പത്ത് പ്രവർത്തി ദിനങ്ങളാണ് നഷ്ടമാവുന്നത്.
സ്കൂൾ അവധി അനിശ്ചിത കാലത്തേക്ക് എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് അത് 23 വരെ കരുതൽ തീരുന്നത് വരെ എന്നാക്കി. മറ്റ് എല്ലാ സ്ഥാപനങ്ങളും ചടങ്ങുകളും സാധാരണ പോലെ തുടരുമ്പോൾ വിദ്യാലയങ്ങൾക്ക് മാത്രമാണ് പൂട്ടിട്ടത്. ജില്ലയിൽ മാത്രമാണ് ഇത്. നഷ്ടപ്പെട്ട ക്ലാസുകൾ ലഭിക്കാതെ കുട്ടികൾ നേരിടുന്ന കടുത്ത മത്സരത്തിൽ പിന്നോക്കം പോകുന്ന സാഹചര്യമാണ്.
കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 എന്നീ വാര്‍ഡുകളിലും അധികൃതര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ രാത്രി എട്ട് മണി വരെ എല്ലാ കടകൾക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാം.
മറ്റ് നിയന്ത്രണങ്ങള്‍ തുടരുന്നതാണ്. ആളുകള്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.


