പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. കന്യാകുമാരിക്കടുത്ത് പേച്ചിപ്പാറ കടമ്പനമൂട് കായല്‍ റോഡില്‍ സുരേഷി(48)നെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാലുമാസം കൂടി തടവ് അനുഭവിക്കണം.
2019 സെപ്റ്റംബര്‍ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി സ്‌കൂളില്‍നിന്ന് തിരികെയെത്തിയപ്പോള്‍ പ്രതി വീടിന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്നു. അച്ഛനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞ് കുട്ടിയില്‍നിന്ന് അച്ഛന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ച് സംസാരിച്ചു.
തുടർന്ന് പെണ്‍കുട്ടി മാത്രമേ വീട്ടിലുള്ളൂ എന്ന് മനസിലാക്കി വീട്ടിൽ കയറി. കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കേസ്. പെണ്‍കുട്ടി പ്രതിയെ തള്ളിമാറ്റി അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെട്ട് വിവരം അറിയിച്ചതോടെ പൊലീസിൽ അറിയിച്ചു. തുടര്‍ന്ന് കിളിമാനൂര്‍ പോലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.മാരായ കെ.എ. വിദ്യാധരന്‍, എസ്.വൈ.സുരേഷ്, കിളിമാനൂര്‍ എസ്.ഐ. എസ്.അഷ്‌റഫ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 20 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 16 രേഖകളും ഹാജരാക്കി.


