ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ആഴ്ചകള്‍ക്കു മുന്നെത്തന്നെ ഇന്ത്യയെ അറിയിച്ചിരുന്നതായി കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ. യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയോടൊപ്പമുള്ള വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസനീയമായ വിവരങ്ങളാണഅ കാനഡ ഉന്നയിച്ചതെന്നും ആഴ്ചകള്‍ക്കു മുന്നെത്തന്നെ കാനഡ ഈ വിഷയം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൗരവതരമായ വിഷയത്തില്‍ ഇന്ത്യ തങ്ങളോടൊപ്പം സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് കാനഡ ഉന്നയിച്ച ആരോപണം. എന്നാൽ നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യക്ക് കൈമാറാന്‍ ട്രൂഡോ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
നിജ്ജറിന്റെ വധത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം അതിഗുരുതരമാണെന്ന് അമേരിക്ക ഇക്കാര്യത്തിൽ പ്രതികരിച്ചു. അന്വേഷണം വേണമെന്നും ഇന്ത്യക്കുമാത്രം പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും യു.എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.
അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ ‘ഫൈവ് ഐ’ നേരിട്ടും അല്ലാതെയും ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളടക്കമുള്ള വിവരങ്ങള്‍ കനേഡിയന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നാണ് സി.ബി.സി. (കനേഡിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷന്‍) റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ്., യു.കെ., ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ കൂട്ടായ്മയാണ് ഫൈവ് ഐസ്. ഇവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പക്കല്‍ ആധികാരിക വിവരങ്ങളുണ്ടെന്ന കാനഡയുടെ നിലപാട്.
അമേരിക്ക പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചു എങ്കിലും ഇന്ത്യയ്ക്ക് ഒപ്പം നിലപാട് എടുക്കാനാണ് നയതന്ത്രപരമായി സാധ്യത എന്ന് മുൻ പെൻ്റഗൺ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർക്ക് എതിരെ കാനഡയിൽ പ്രശ്നങ്ങൾ ഉണ്ടാവും എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ കാനഡ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല എന്ന് പറഞ്ഞു കൊണ്ട് ജസ്റ്റിൻ ട്രൂഡോ തന്നെ ഇതിനെ തള്ളിക്കളഞ്ഞു.


