സംസ്ഥാനത്ത് പകർച്ചനി ബാധിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് 8252 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. 57 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ മാസം 22 പേരാണ് പനി ബാധിച്ച് മരിച്ചത്.
ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിലാണ്. 1254 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും പനി ബാധിതർ കൂടുകയാണ്. പത്തനം തിട്ട ജില്ലയിലും ഡെങ്കി ഭീഷണി റിപ്പോർട്ട് ചെയ്തു.
കൊതുക് നിയന്ത്രണത്തിന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട് എങ്കിലും പ്രാദേശിക തലത്തിൽ നിയന്ത്രണ ശ്രമങ്ങൾ ഒന്നുമില്ലാത്ത സാഹചര്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളും പ്രശ്നത്തിൻ്റെ ഗൌരവം ഉൾകൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല എന്ന പരാതിയാണ്. കൊതുക് നിയന്ത്രണത്തിന് അടുത്തകാലത്ത് പ്രത്യേക പദ്ധതികൾ ഒന്നുമില്ല.
2013 ലും 2017 ലുമാണ് കേരളത്തിൽ ഡങ്കിപ്പനി ഏറ്റവും അധികം ഭീഷണി വിതച്ചത്. അതിന് സമാനമായ സാഹചര്യമാണ് ഈ വർഷവും എന്നാണ് ആരോഗ്യമന്ത്രി തന്നെയും പറഞ്ഞത്. എന്നാൽ തദ്ദേശീയമായി കൊതുക് നിയന്ത്രണത്തിന് നടപടികൾ ഇല്ലെന്നാണ് ആക്ഷേപം.
സ്വയം ചികിത്സ വേണ്ട
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി.
വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണെന്ന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് വാർഡുതലം മുതലുള്ള ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം എന്ന നിർദ്ദേശം ആവർത്തിച്ചു.
ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും വിവിധ വകുപ്പുകളേയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലാതലത്തിൽ ഉറപ്പ് വരുത്തേണ്ടതാണ്.
സ്വകാര്യ ആശുപത്രികളിലെ പകർച്ചപ്പനി കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. മരണം പരമാവധി ഒഴിവാക്കാൻ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ആയതിനായി സർക്കാർ, സ്വകാര്യ മേഖലയിൽ തുടർപരിശീലനങ്ങൾ പൂർത്തിയാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ പ്രത്യേകം വിശകലനം ചെയ്തു. അവരെ കാര്യക്ഷമമായി വിന്യസിപ്പിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്നാണ് സർക്കാർ ഔദ്യോഗിക അറിയിപ്പ്.
വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ആക്രിക്കട, ടയർകട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിർമ്മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയിൽ മൂടി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി വളരെ ശ്രദ്ധിക്കണം.
നിയന്ത്രണം വേണം, രോഗത്തെ കുറിച്ച് അറിവും
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ
സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
കൊതുകിനെ ഇല്ലതാക്കാം
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.