തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി. തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ്, തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നായിരുന്നു തരൂരിൻ്റെ തന്ത്രപരമായ മറുപടി. എന്തായാലും തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മോദി മത്സരിച്ചാലും തിരുവനന്തപുരത്ത് ജയിക്കും
പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. ജയപ്രതീക്ഷ ഉണ്ടോ എന്ന ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദിമത്സരിച്ചാലും താൻ ജയിക്കും എന്നും പ്രതികരിച്ചു.
നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി ആണ് തരൂർ നൽകിയത്. ‘രാഷ്ട്രീയത്തിൽ മൂന്ന് വിധത്തിൽ തിരഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കും. അപ്പോഴത്തെ സാഹചര്യം നോക്കി കാര്യങ്ങൾ തീരുമാനിക്കും’, എന്നിങ്ങനെയായിരുന്നു പ്രതികരണം.
ബി ജെ പി രാജ്യത്ത് വിഷം ഇഞ്ചക്ട് ചെയ്തു
പാർലമെന്റിലെ ഡാനിഷ് അലിക്കെതിരായ വർഗീയ പരാമർശത്തിൽ രാജ്യം സ്തഭിച്ചുവന്ന് തരൂർ പറഞ്ഞു. പാർലമെന്റിൽ മുസ്ലിം എം.പിക്കെതിരെ ബി.ജെ.പി. എം.പി. തെറിവിളിച്ചു. ഇന്ത്യ മുഴുവൻ സ്തംഭിച്ച സംഭവം. വർഗീയ പരാമർശം കേട്ട് അടുത്തിരുന്ന മുൻമന്ത്രിമാർ ചിരിക്കുകയായിരുന്നു. അവരുടെ മുഖം കണ്ടിട്ട് രാജ്യത്തിന് തന്നെ നാണക്കേട് തോന്നി. ഈ നിലയിൽ രാജ്യം മാറിപ്പോയി. ബി.ജെ.പി. രാജ്യത്ത് വിഷം ഇഞ്ചക്ട് ചെയ്തിരിക്കുന്നെന്നും തരൂർ അഭിപ്രായപ്പെട്ടു.