കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജെപി തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്ന് കെ മുരളീധരൻ എം പി. ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ പറഞ്ഞു.
രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളിയായ ശേഷമായിരുന്നു വടകര എം പികൂടിയായ മുരളീധരൻ്റെ കമൻ്റ്
‘സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെ വന്നിട്ട് ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോള്‍ പിന്നാലെ വരുന്നതാണ് ഇവരുടെ ജോലി. കൂടുതല്‍ പറയുന്നില്ല’, കെ.മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം-കൊല്ലം ബ്രോഡ്‌ഗേജിന്റെ ഉദ്ഘാടനത്തിന് അടിയന്തരവസ്ഥ കാലത്തായിട്ടുപോലും ഒരാളും കോണ്‍ഗ്രസിന്റെ കൊടി പിടിച്ചില്ല. ഒ.രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം മുന്‍കൈ എടുത്ത് ജനശതാബ്ദി കൊണ്ടുവരുന്നത്. ഒരു ബഹളവും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ ഉദ്ഘാടനത്തിന് പോയിരുന്നു.
എന്തിനാണ് ബിജെപി ഇപ്പോള്‍ ഇങ്ങനെ നാടകം കളിക്കുന്നത്. പത്ത് വോട്ട് പോലും കേരളത്തില്‍ കിട്ടില്ല. വോട്ടിങ്‌മെഷീന്‍ ഓണാക്കുമ്പോള്‍ തന്നെ പൊട്ടിപ്പോകും.
വികസനം ആര് കൊണ്ടുവന്നു എന്നത് ചര്‍ച്ചചെയ്യേണ്ടത് തന്നെയാണ്. അതില്‍ എംപിമാരുടെ പങ്കുമുണ്ട്. കേരള സര്‍ക്കാരും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനില്‍ വരാം സ്വീകരിക്കുകയും ചെയ്യാം. എന്നാല്‍, വന്നവരൊക്കെ കൊടി പിടിച്ച് ട്രെയിനില്‍ കയറി നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
രണ്ടാമത്തെ ട്രെയിൻ കിട്ടിയത് ആദ്യത്തേത് ലാഭമായതിനാൽ
രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉദ്ഘാടന യാത്ര പക്ഷേ ബിജെപി യാത്രപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. വികസന പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തിക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
ഫയൽ പോലും കാണാത്ത ചില കേന്ദ്ര മന്ത്രിമാരുണ്ട്. അവരുടെ ഏകപണി പ്രധാനമന്ത്രിയുടെ പിന്നാലെ ഓടലാണ്. വി മുരളീധരൻ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. കേരളത്തിന് വല്ലതും അനുവദിക്കുമ്പോൾ ഞാൻ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരൻ. ഇരിക്കുന്ന പദവിയിൽ ഒരു മാന്യതയും ഇല്ലാത്ത ആളാണ് വി മുരളീധരൻ. ജയിക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാവുന്നത് കൊണ്ട് ഒരു ടെൻഷനുമില്ലാതെ മത്സരിക്കാൻ കഴിയുന്ന ആളാണ് വി മുരളീധരനെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.


