കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചു. ഇ ഡി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം കെ കണ്ണന് പറഞ്ഞു.
ഇഡി ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ പറയാന്‍ തന്നെ നിര്‍ബന്ധിച്ചു. അവർക്കാവശ്യമുള്ളത് പറയിക്കയാണ് ലക്ഷ്യം. ഇഡിക്കെതിരായ പി ആര് അരവിന്ദാക്ഷന്റെ പരാതി സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. ഈ മാസം 29ന് വീണ്ടും ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം കെ കണ്ണന് പ്രതികരിച്ചു.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്റെ അടുത്ത് ഇ ഡി ചോദിച്ചില്ല. ബാങ്കിലെ ചില ആളുകളുടെ അക്കൗണ്ടിനെ കുറിച്ച് മാത്രം ചോദിച്ചു. ഭീഷണിയും സമ്മര്‍ദവുമാണ് ഉണ്ടായത്. അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയുകയാണ് അവരുടെ ആവശ്യം’. എം കെ കണ്ണന് പ്രതികരിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണന് അഭിഭാഷകര്‍ക്കൊപ്പം ഇ ഡി ഓഫീസിലെത്തിയത്. കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായുള്ള ബന്ധം ചോദിച്ചറിയുകയായിരുന്നു ഇഡിയുടെ പ്രധാന ഉദ്ദേശം. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ അല്ല തന്നോട് ചോദിച്ചതെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് എംകെ കണ്ണന് പ്രതികരിച്ചത്.
സതീഷ് കുമാറുമായി 30 വര്‍ഷത്തെ ബന്ധമുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും കൈപറ്റിയിട്ടില്ലെന്നും എം കെ കണ്ണന് ആവര്‍ത്തിച്ചു. ഈ മാസം 29ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം കെ കണ്ണന് പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. സതീഷ് കുമാര്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.


