സംവിധായകന്‍ കെ.ജി.ജോര്‍ജിന് അവസാന യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് മറവ്. രാവിലെ 11 മുതല്‍ മൂന്നുവരെ എറണാകുളം ടൗണ്‍ഹാളിൽ പൊതുദര്‍ശനം.
ഞായറാഴ്ച രാവിലെ 10.15-ന് കാക്കനാട്ടെ വയോജന കേന്ദ്രത്തിലാണ് കെ.ജി.ജോര്‍ജ് അന്തരിച്ചത്. ഭാര്യയും മക്കളും സ്ഥലത്തില്ലായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ജോര്‍ജിന്റെ ഭാര്യ സല്‍മയും മകന്‍ അരുണും കുടുംബവും ഗോവയില്‍ നിന്നും മകള്‍ താര ദോഹയില്‍ നിന്നും തിങ്കളാഴ്ച തന്നെ കൊച്ചിയിലെത്തി.
വൈകീട്ട് ആറിന് മാക്ടയുടെയും ഫെഫ്കയുടെയും നേതൃത്വത്തില്‍ വൈ.എം.സി.എ. ഹാളില്‍ അനുശോചനയോഗം ചേരും. ജോര്‍ജിന്റെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത്.
കലയും ജീവിതവും

സിനിമയെക്കുറിച്ച് പഠിക്കുന്നവർക്ക്, സിനിമക്കാരനാകാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകമായി മാറിയ സിനിമകളായിരുന്നു കെ ജി ജോർജ് സിനിമകൾ. മലയാള സിനിമയിലെ പിൻതലമുറയെ ആവേശിച്ച സംവിധായകൻകൂടിയായിരുന്നു കെ.ജി. ജോർജ്. ചിത്രകാരനായി തീരാനായിരുന്നു ആഗ്രഹം.
1946ൽ തിരുവല്ലയിൽ പെയിൻറിങ് വർക്ഷോപ്പുകാരനായ സാമുവലിന്റെയും അന്നാമ്മയുടെയും മകനായാണ് ജോർജിെൻറ ജനനം. വാഹനങ്ങൾക്ക് പെയിൻറ് ചെയ്യുന്ന പണിയായിരുന്നു പിതാവിന്. അപ്പൻ പെയിൻറ് ചെയ്ത ലോറികളുടെ ബോഡിയിൽ ചിത്രപ്പണി ചെയ്ത് സഹായിയായി കൂടിയ ജോർജിനെ വായനയിലേക്ക് ആനയിച്ചത് മാതാവ് അന്നാമ്മയാണ്. ബഷീറിനെയും പൊൻകുന്നം വർക്കിയെയുമൊക്കെ അന്നാമ്മയായിരുന്നു ജോർജിന് പരിചയപ്പെടുത്തിക്കൊടുത്തത്. അമ്മയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായിരുന്നതെന്ന് ജോർജ് ഓർമിച്ചിട്ടുണ്ട്.
തിരുവല്ല എസ്.ഡി സെമിനാരി സ്കൂളിൽ നിന്ന് പത്താംതരം പാസായി. തുടർപഠനം ചങ്ങനാശ്ശേരിയിലായിരുന്നു. കേരള സര്‍വകലാശാലക്കു കീഴിലായിരുന്ന ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയശേഷം 1968ല്‍ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാസംവിധാനം പഠിക്കാനായി ചേരുമ്പോൾ പ്രതിഭകളുടെ ഒരു വലിയ സംഘംതന്നെ അവിടെയുണ്ടായിരുന്നു. പിൽക്കാലത്ത് പ്രശസ്തരായിത്തീർന്ന നടന്മാരായ മോഹൻ ശർമ, രവി മേനോൻ, സംവിധായകൻ ആസാദ്, നടി ജമീല മാലിക്, ഹിന്ദി നടി ജയഭാദുരി, കാമറാമാൻ രാമചന്ദ്ര ബാബു തുടങ്ങിയവരൊക്കെ സഹപാഠികളായി കിട്ടി. ജോൺ എബ്രഹാമും ബാലു മഹേന്ദ്രയും സീനിയർമാർ. ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിനിടയിലെ ആദ്യ ഡിപ്ലോമ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രാമചന്ദ്ര ബാബുവായിരുന്നു. ജോർജിന്റെ ആദ്യ നായികയായത് ജമീല മാലിക് എന്ന മലയാളി പെൺകുട്ടിയായിരുന്നു. രാമചന്ദ്ര ബാബുവുമായുള്ള ജോർജിന്റെ സൗഹൃദം തിരശ്ശീലയിലും നീണ്ടു. ജോർജിന്റെ പത്തോളം സിനിമകളുടെ കാമറാമാനാകാൻ രാമചന്ദ്ര ബാബുവിന് കഴിഞ്ഞു.
മൂന്നു വർഷത്തോളം രാമു കാര്യാട്ടിന്‍റെ സഹായിയായിരുന്ന ജോർജ് 1976ൽ ‘സ്വപ്നാടനം’ എന്ന ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മനുഷ്യജീവിതങ്ങളുടെ സങ്കീര്‍ണമായ മനോവ്യാപാരങ്ങൾ ജോർജിന്റെ ഇഷ്ടവിഷയമായിരുന്നു. ആദ്യ ചിത്രത്തിലൂടെ പരീക്ഷിച്ചുവിജയിച്ച ആ വഴിയിൽ പിന്നെയും സഞ്ചരിച്ചുവെങ്കിലും തന്നെത്തന്നെ കോപ്പിയടിക്കാതിരിക്കാനുള്ള കരുതൽ അദ്ദേഹത്തിനുണ്ടായി. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിക്കൊണ്ട് ജോർജ് എന്ന പുതുക്കക്കാരന്‍ മലയാള സിനിമയിൽ മേൽവിലാസമുറപ്പിച്ചു.
ഫെല്ലിനിയോ ഹിച്കോക്കോ
ഫ്രെഡറികോ ഫെല്ലിനി എന്ന വിഖ്യാത ഇറ്റാലിയൻ സംവിധായകനോടുള്ള അഭിനിവേശം ജോർജ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഭ്രമാത്മകമായ ഫെല്ലിനിയുടെ ഫ്രെയിമുകളുടെ അന്ധനായ ഒരാരാധകനാകാതിരിക്കാനും ജോർജ് ജാഗരൂകനായിരുന്നു. അതേസമയം, ഇതിവൃത്തങ്ങളിൽ പലവട്ടം ലോകപ്രശസ്തനായ ആൽഫ്രഡ് ഹിച്കോക്കിനെ അനുധാവനം ചെയ്തിട്ടുമുണ്ട്. മലയാളത്തിെൻറ ഹിച്കോക്ക് എന്നുപോലും കെ.ജി. ജോർജിനെ വിശേഷിപ്പിച്ചവരുണ്ട്.
പെൺപക്ഷം പറഞ്ഞ സിനിമകൾ
പെൺജീവിതങ്ങളുടെ നേർക്ക് തുറന്നുപിടിച്ച കാമറ നമുക്കിന്ന് അപരിചിതമല്ല. പക്ഷേ, ആൺകോയ്മ അടക്കിവാണ സിനിമയിൽ സ്ത്രീകളുടെ നേരേ കാമറ തിരിക്കാനും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ നായകന്മാർക്കുമപ്പുറം ആർജവത്തോടെ തലയുയർത്തി നിർത്താനും ശ്രമിച്ച ആദ്യ സംവിധായകൻ ജോർജ് തന്നെയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസിൽ നായകന്മാർ മാത്രം അവശേഷിക്കുന്ന സിനിമകളായിരുന്നില്ല ജോർജിന്റേത്. നായകന്മാരെക്കാൾ ഉള്ളിൽ കൊളുത്തിവലിക്കുന്ന നായികമാരായിരുന്നു അവർ. സ്വപ്നാടനത്തിലെ റാണി ചന്ദ്രയുടെ സുമിത്രയും ഉൾക്കടലിലെ ശോഭയുടെ റീനയും മേളയിൽ അഞ്ജലി നായിഡുവിന്റെ ശാരദയും ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കിലെ ലേഖയും മറ്റൊരാളിലെ സീമയുടെ സുശീലയും ഉള്ളിൽ കൊളുത്തിവലിക്കുന്ന കഥാപാത്രങ്ങളായിരുന്നു.
ആദാമിൻറന്റെ വാരിയെല്ല് സമ്പൂർണ സ്ത്രീപക്ഷ സിനിമയായിരുന്നു. ആലീസ്, വാസന്തി, അമ്മിണി എന്നീ മൂന്നു സ്ത്രീകളുടെ ജീവിതത്തിലൂടെ ജോർജ് പറഞ്ഞത് പുരുഷകാമനകളുടെ അടിമകളായി കഴിയേണ്ടിവന്ന സ്ത്രീവർഗത്തിെൻറ മുഴുവൻ കഥയുമായിരുന്നു. ആ സിനിമയുടെ ടൈറ്റിൽതന്നെ അത് അടയാളപ്പെടുത്തുന്നുണ്ട്.
പുരുഷലോകം തീർത്ത തടവറകൾ പൊളിച്ച് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന സ്ത്രീകളാണ് ആ ചിത്രത്തിെൻറ ക്ലൈമാക്സ്. സ്വന്തം സിനിമയിലെ ഫ്രെയിമിലേക്ക് കയറിവരുന്ന ഹിച്കോക്കിനെപ്പോലെ ഭ്രമാത്മകമായ ആ ഫെല്ലിനി മോഡൽ സീനിലേക്ക് ജോർജും കാമറമാനും ടീമും കയറിവരുന്നുണ്ട് ആ ക്ലൈമാക്സിൽ. പക്ഷേ, അവരുടെ കാമറകളെ തട്ടിത്തെറിപ്പിച്ചുകൊണ്ടായിരുന്നു പെണ്ണുങ്ങൾ സ്വാതന്ത്ര്യം വാരിപ്പുണർന്ന് പുറത്തേക്കു കുതിച്ചത്. അങ്ങനെയൊരു ദൃശ്യം ആ കാലത്ത് തികച്ചും ഞെട്ടിക്കുന്നതായിരുന്നു.
ഇറ്റാലിയൻ സംവിധായകൻ ഫ്രെഡറികോ ഫെല്ലിനിയായിരുന്നു ജോർജിെൻറ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. ഫെല്ലിനിയോടുള്ള ജോർജിെൻറ ഇഷ്ടം അറിയുന്ന യുവസംവിധായകൻ ലിജിൻ ജോസ് ജോർജിന് ആദരമായി സമർപ്പിച്ച ഡോക്യുമെൻററിയാണ് ‘8 1/2 ഇൻറർ കട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്’. അവസാന കാലത്തെ അവശതകളുടെ ഇടയിൽ തെൻറ സിനിമകളെക്കുറിച്ച് ജോർജ് വിലയിരുത്തുന്നുണ്ട്. ശരീരത്തിെൻറ അവശതകൾ ആ മനസ്സിനെ ഒട്ടും തളർത്തിയിരുന്നില്ല. ഇനിയും ചെയ്യാനുള്ള തെൻറ സിനിമകളെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നുണ്ട്. സിനിമയുടെ ലോകത്തെ ഒട്ടും സുഖകരമല്ലാത്ത സമവാക്യങ്ങളാൽ അസമയത്ത് സിനിമാ ജീവിതം നിർത്തേണ്ടിവന്നയാളാണ് കെ.ജി. ജോർജ്. പക്ഷേ, ന്യൂജെൻ സംവിധായകരെപ്പോലും അത്രയേറെ പ്രചോദിപ്പിച്ച മറ്റൊരു സംവിധായകനും ജോർജിനെ പ്പോലെ വേറെയില്ല എന്നതാണ് കൗതുകം. ആത്മകഥയായ ‘ഫ്ലാഷ്ബാക്: എെൻറയും സിനിമയുടെയും’ എന്ന പുസ്തകത്തിൽ തെൻറ സിനിമാജീവിതം തുറന്നുപറയുന്നുണ്ട്. എന്തുകൊണ്ട് താൻ സിനിമാജീവിതത്തിന് അകാലത്തിൽ വിരാമമിടേണ്ടിവന്നുവെന്ന് ജോർജ് വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും മികച്ച സിനിമകളാൽ പുതുതലമുറയും പാഠമായി ഏറ്റെടുത്തപ്പോഴും മികച്ച സംവിധായകനുള്ള പുരസ്കാരം ജോർജിനെ തേടി എത്തിയിരുന്നില്ല. പിൽക്കാലത്ത് സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം നൽകുകയായിരുന്നു.


