ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോഴവാങ്ങിയതായുള്ള വാരത്തയില ഇടനിലക്കാരൻ അഖില്‍ സജീവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍.
നോര്‍ക്കാ റൂട്‌സില്‍ നിയമനം വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെന്ന ആരോപണവുമായി അഭിഭാഷകന്‍ രംഗത്തെത്തി. ഭാര്യയ്ക്ക് നോര്‍ക്കാ റൂട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ അഖില്‍ സജീവ് ആവശ്യപ്പെട്ടിരുന്നതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി.
ഇയാളുടെ കളങ്കിത വ്യക്തിത്വം പാർട്ടിക്കും അറിയാമായിരുന്നു. എന്നിട്ടും ഇങ്ങനെ ഒരാൾക്ക് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പ്രവേശനം ലഭിച്ചു എന്നതാണ് ചോദ്യം.
അഭിഭാഷകന്റെ മൊഴി
2019-ലായിരുന്നു സംഭവം. അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. പത്തനംതിട്ട സി.ഐ.ടി.യു. ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് അഖില്‍ സജീവ് പരിചയപ്പെടുത്തിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നും ശ്രീകാന്ത് പറയുന്നു.
ജിക്കു ജേക്കബ് എന്നയാളാണ് അഖിലിനെ പരിചയപ്പെടുത്തുന്നത്. പത്തനംതിട്ടയിലെ പ്രാദേശിക നേതാവായ ജയകുമാര്‍ വള്ളിക്കോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടിപാടുള്ള ആളാണെന്നും അദ്ദേഹം വഴി ജോലി ശരിയാക്കാം എന്നായിരുന്നു വാഗ്ദാനം. താന്‍ നല്‍കിയ പണം ജയകുമാറിനാണ് നല്‍കിയതെന്ന് അഖില്‍ പറഞ്ഞുവെന്നും ശ്രീകാന്ത് ആരോപിച്ചു.
പാര്‍ട്ടിയില്‍ പരാതിപ്പെട്ടപ്പോള്‍ തനിക്ക് പണം ഒരുമാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്ന് അഖിലിന് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് തവണകളായി 2022 മേയ് ആകുമ്പോഴേക്കും മുഴുവന്‍ തുകയും പലതവണകളായി തിരിച്ചുതന്നു. നിങ്ങള്‍ കാരണം തന്റെ ജോലിയും സ്ഥാനങ്ങളും മാനവും പോയെന്ന് അന്ന് അഖില്‍ പറഞ്ഞിരുന്നു. ഈ പരാതിയെത്തുടര്‍ന്നാണ് അന്ന് അഖിലിനെ മാറ്റി നിര്‍ത്തിയത്. തനിക്ക് ഭാര്യയും മക്കളും ഉള്ളതാണെന്നും ഇനിയും താങ്കള്‍ ഇതുമായി മുന്നോട്ടുപോയാല്‍ അത്മഹത്യചെയ്യുമെന്നും അഖില്‍ സജീവ് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന്, തനിക്ക് ലഭിക്കേണ്ട പണം മുഴുവനായി കിട്ടിയതിനാല്‍ താന്‍ പരാതിയുമായി മുന്നോട്ടുപോയില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. സി.പി.എമ്മിന്റെ സംസ്ഥാന നേതാവിനോടാണ് പരാതി പറഞ്ഞതെന്നും പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അഡ്വ. ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
മുമ്പ് സി.ഐ.ടി.യു. പത്തനംതിട്ട ജില്ലാ ഓഫീസ് ജീവനക്കാരനായിരുന്ന അഖില്‍ സജീവിനെ കളക്ഷന്‍ ഫണ്ട് തിരിമറിയുടെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ രണ്ടരലക്ഷത്തോളം രൂപ തിരിച്ചടക്കേണ്ടിവന്നിട്ടുമുണ്ട്. പത്തനംതിട്ട പോലീസ് അന്ന് കേസ് എടുത്തിരുന്നു. ദേവസ്വത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പു നടത്തിയതായി ആരോപണമുണ്ടായിരുന്നു. വിസ തട്ടിപ്പിലും ഇയാള്‍ക്കുനേരെ ആരോപണം ഉണ്ടായിട്ടുണ്ട്.
പറഞ്ഞത്
2019 മുതൽ തുടർന്ന് വരുന്ന തട്ടിപ്പാണിത്. 2019 ൽ ഞാൻ കോഴിക്കോട് പ്രാക്ടീസ് ചെയ്യുകയാണ്. എന്റെ കൂടെയുണ്ടായിരുന്ന ഒരു അഡ്വക്കേറ്റ് മുഖേനയാണ് ഈ കാര്യം വന്നത്. അന്ന് നോർക്ക റൂട്ട്സിൽ ജോലി ഒഴിവുണ്ട്. 10 ലക്ഷം തന്നാൽ ജോലി തരാം എന്നാണ് എന്നെ സമീപിച്ചത്. ആദ്യം എന്നെ സമീപിച്ചത് പാർട്ടിയുടെ അനുഭാവി ആയിരുന്ന ജിക്കു ജേക്കബ് എന്നയാളാണ്. അയാളാണ് അഖിൽ സജീവിന്റെ കോണ്ടാക്റ്റ് നമ്പർ തന്നത്. അഖിൽ സജീവിനെ പരിചയപ്പെടുത്തുന്നത്. സിഐടിയുവിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മന്ത്രിമാരുമായി അടുപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടുപ്പമുണ്ട്. വാങ്ങുന്ന പൈസ മുഴുവൻ എനിക്ക് വേണ്ടിയല്ല, ഈ ഉദ്യോഗസ്ഥർക്കും മന്ത്രിമാരുടെ ആൾക്കാർക്കും കൊടുക്കാൻ വേണ്ടിയാണ്. എന്ന് പറഞ്ഞാണ് എന്നോട് 5 ലക്ഷം വാങ്ങിയത്. വാങ്ങി 2 കൊല്ലം കഴിഞ്ഞിട്ടും ജോലി ശരിയാകാത്തത് കൊണ്ടാണ് ഞാൻ അന്വേഷിച്ചു അങ്ങോട്ട് വരുമെന്ന് പറഞ്ഞത്. അപ്പോള്‍ പത്തനംതിട്ടയിൽ അഖിൽ സജീവിന്റെ കെയറോഫിൽ റൂമടക്കം ബുക്ക് ചെയ്ത് തന്നു. അവിടെ അഖിൽ സജീവ്, ജിക്കു ജേക്കബ്, ജയകുമാര്‍ വള്ളിത്തോട് എന്ന നേതാവ് എന്നിങ്ങനെ മൂന്ന് പേർ ഉണ്ടായിരുന്നു. സംസാരിച്ചപ്പോള്‍ അന്ന് തത്ക്കാലം നിങ്ങൾക്ക് സ്പൈസസ് ബോർഡില് ടെംപററി അപ്പോയ്മെന്റ് ഉണ്ട് അവിടെ തരാം എന്ന് പറഞ്ഞ് അതിന്റെ പേരിൽ തിരികെ പോരുകയാണുണ്ടായത്. അതും നടപ്പാക്കാതെ വന്നപ്പോഴാണ് ഞാൻ പാർട്ടിയുമായി ബന്ധപ്പെടുകയും പാർട്ടിക്കാർ അഖിലിലെ വിളിച്ച് സംസാരിക്കുകയും അഖിൽ സജീവ് ഇങ്ങനെയൊരു പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പത്തനെതിട്ട ജില്ലാ സെക്രട്ടറിയുടെയും സിഐടിയു ജില്ലാ പ്രസിഡന്റിനെയും വിളിച്ച് പറഞ്ഞത് പ്രകാരം അഖിലെന്നെ വിളിക്കുകയും ചെയ്തു. എന്റെ മാനം നഷ്ടപ്പെട്ടു, സ്ഥാനം നഷ്ടപ്പെട്ടു, അവരെന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അത് നിങ്ങള് കാരണമാണ് എന്നൊക്കെ പറഞ്ഞു. പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയിലാണ് പണം തന്നു തീർക്കുന്നത്. അഖിൽ എന്നെ വൈകാരികമായി ഭീഷണിപ്പെടുത്തി. ഇനി എന്തെങ്കിലും ചെയ്താൽ ഞാനും എന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതിനാൽ ഞാൻ പിന്നെ പൊലീസ് നടപടികളിലേക്കൊന്നും പോയില്ല.” അഡ്വക്കേറ്റ് ശ്രീകാന്ത് പറഞ്ഞു.


