ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്ന കാര്‍ഷിക ശാസ്ത്രജ്ഞന് എം.എസ്. സ്വാമിനാഥന് (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്കു പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കു വഹിച്ചു.
1990 കളിൽ ആഗോളവൽക്കരണം കാർഷികമേഖലയിൽ
സൃഷ്ടിച്ച അതിജീവനപ്രതിസന്ധിയെ സംബന്ധിച്ച ആലോചനകൾക്ക്
അദ്ദേഹം മുൻകൈ എടുത്തു.
യു പി എ സർക്കാറിൻ്റെ കാലത്തെ
കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പ്രതിസന്ധിക്ക് പ്രതിവിധി നിർദേശങ്ങൾ സമർപ്പിക്കാനുള്ള കമ്മീഷനായി നിയോഗിക്കുന്നത്.
ഇറക്കുമതി
വ്യാപാരക്കരാറുകൾ മൂലം
കർഷകർ നേരിടുന്ന വിലത്തകർച്ചക്ക് പരിഹാരമായി താങ്ങുവില
നൽകണമെന്ന നിർദ്ദേശം അദ്ദേഹം നൽകി. ഉല്പാദനച്ചെലവിൻ്റെ ഒന്നര മടങ്ങ് കൂട്ടി താങ്ങുവില നിശ്ചയിക്കണമെന്നായിരുന്നു സ്വാമിനാഥൻ കമ്മീഷൻ്റെ നിർദ്ദേശം.
യു പി എ സർക്കാർ അത് നടപ്പാക്കിയില്ല.
2014ൽ എൻ ഡി എ അവരുടെ പ്രകടനപത്രികയിൽ കർഷക ആത്മഹത്യക്ക് പരിഹാരമായി സ്വാമിനാഥൻ കമ്മീഷൻ ശുപാർശ നടപ്പാക്കുമെന്ന് വാഗ്ദാനം നൽകി.
പക്ഷെ ഇപ്പോഴും സ്വാമിനാഥൻ നിർദ്ദേശിച്ച താങ്ങുവില നടപ്പായില്ല
സാമ്പശിവൻ സ്വാമിനാഥൻ
മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് കുടുംബാംഗമാണ്. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽ ഉപരിപഠനം. 1947-ൽ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്സിൽ ഗവേഷണത്തിനായി പോയി.
1954-ന്റെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് ഒരു മുൻ പ്രൊഫസർ മുഖേന കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലികമായി അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ജോലി ചെയ്യാൻ അവസരം ലഭിച്ചത്. 1954 ഒക്ടോബറിൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. തുടർന്ന് സ്വാമിനാഥൻ അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.
ആദരവോടെ ലോകം
28 ലധികം ദേശീയ കമ്മീഷനുകളുടെ അധ്യക്ഷനായ അദ്ദേഹത്തിന്റെ കീഴിൽ 100 ഓളം വിദ്യാർത്ഥികൾ ഡോക്ടടറേറ്റ് നേടിയിട്ടുണ്ട്. 1000ത്തോട് അടുത്ത് ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. 30ൽ പരം പുസ്തകങ്ങളും 200ൽ പരം പ്രസിദ്ധമായ പ്രസംഗങ്ങളും വരും തലമുറയ്ക്ക് പഠിക്കാനായി ലഭ്യമാണ്. സാർവദേശീയമായി ശ്രദ്ധിക്കപ്പെടുന്ന അമേരിക്കൻ ടൈം 20ാം നൂറ്റാണ്ടിൽ ലോകത്തെ സ്വാധീനിച്ച 20 ഏഷ്യക്കാരെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽ നിന്ന് മൂന്നാം സ്ഥാനം നേടിയത് സ്വാമിനാഥനാണ്. ആദ്യത്തെ രണ്ടുപേർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും രണ്ടാമത്തേത് നൊബേൽ സമ്മാനം നേടിയ കവി രബീന്ദ്രനാഥ ടാഗോറുമാണെന്നതാണ് ആ അംഗീകരാത്തിന്റെ മികവ് മനസിലാക്കി തരുന്നത്.
ഡോക്ടർ സി.വി. രാമന്റെ അനുഗ്രഹവും അഭിനന്ദനവും സ്വായത്താക്കിയ സ്വാമിനാഥനെ തേടി കൃഷിരത്ന പുരസ്കാരവും എത്തിയിട്ടുണ്ട്. രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ വിഭാഗത്തിൽ രാജ്യസഭാംഗമായി തിരഞ്ഞെടുത്തും അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്.
“പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം, അതിനാൽ പട്ടിണിയില്ലാത്ത ഒരു ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അദ്ധ്വാനം സമർപ്പിക്കുന്നു -എന്നാണ് സ്വാമിനാഥൻ തന്റെ ജീവചരിത്രത്തിൽ പറഞ്ഞത്.
പുരസ്ക്കാരങ്ങൾ
1961 – ഭട് നഗർ അവാർഡ്
1971 – മാഗ്സാസെ അവാർഡ്
1987 – റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി
1987 – വേൾഡ് ഫുഡ് പ്രൈസ്
2000 – ഫ്രങ്ക്ലിൻ റൂസ്വെൽറ്റ് പുരസ്ക്കാരം
2021-ൽ കേരള ശാസ്ത്ര പുരസ്കാരം
ഇവ കൂടാതെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.


