സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം പഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ചലന സ്വാതന്ത്ര്യം നഷ്ടമാവുമെന്ന വിചിത്ര ന്യായത്തിൻ്റെ പേരിൽ ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് നേരത്തെയും പദ്ധതി നീട്ടിവെച്ചിരുന്നു.
കൃത്യതയ്ക്കായുള്ള എല്ലാ ശ്രമങ്ങൾക്കും സംഘടിത ആക്രമണം

ആറ് മാസം മുൻപ് നടപ്പാക്കാൻ ഉത്തരവിട്ട പദ്ധതിയാണ് സർവ്വീസ് സംഘടനകളുടെ എതിർപ്പിനെ തുടർന്ന് വീണ്ടും നീട്ടിവെച്ചത്. വർഷങ്ങളായി ഈ സംവിധാനത്തിനുള്ള ശ്രമങ്ങളെ സംഘടനാ ബലത്തിന് കീഴടങ്ങി പിൻവലിക്കുന്ന പതിവാണ്. ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ ഒന്ന് മുതൽ അക്സ്സ് കൺട്രോൾ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു.
എതിർപ്പറിയിച്ച സർവ്വീസ് സംഘടനകൾ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. മുഖ്യമന്ത്രിയെയും സംഘടനാ നേതാക്കൾ സമീപിച്ചു. അക്സസ് കൺട്രോൾ, ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നായിരുന്നു വാദം. കഴിഞ്ഞ തിങ്കളാഴ്ച്ച നിർദേശം നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ പദ്ധതി വേണ്ടെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാർ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാനും പ്രവർത്തനം കാര്യക്ഷമമാക്കാനുമാണ് ലക്ഷങ്ങൾ ചെലവഴിച്ച് സെക്രട്ടറിയേറ്റിൽ അക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിച്ചത്.