നിയമന കോഴ വിവാദത്തിൽ കുറ്റാരോപിതനായ അഖിൽ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വിട്ടു. നിയമനം നൽകാമെന്നും ഇതിന് സാവകാശം വേണമെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ അഖിൽ സജീവ് സംഭാഷണത്തിൽ പറയുന്നു. പൊലീസിൽ പരാതി നൽകരുതെന്നും അഭ്യർത്ഥിക്കുന്നുണ്ട്.
ഇനിയും കാത്തിരിക്കാൻ ആകില്ലെന്നും പോലീസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസൻ പറയുന്നതും സംഭാഷണത്തിൽ ഉണ്ട്. ഹരിദാസിനെ പരിചയമില്ലെന്ന് അഖിൽ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസൻ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
പരാതിക്കാരനായ ഹരിദാസൻ കോഴ കൊടുത്തെന്ന് പറയുന്ന ഏപ്രിൽ 10 ന് വൈകീട്ട് മന്ത്രിയുടെ സ്റ്റാഫായ അഖിൽ മാത്യു പത്തനംതിട്ടയിൽ എന്ന് തെളിയിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. അടുത്ത ബന്ധുവിന്റെ കല്യാണ ചടങ്ങിൽ മന്ത്രിക്കൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്ന് കുടുംബവും മന്ത്രിയുടെ ഓഫീസും പറയുമ്പോൾ പണം നൽകി എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഹരിദാസൻ. കാഴ്ചക്കുറവുണ്ട്. ആൾമാറാട്ടം നടന്നുവോ എന്നറിയില്ല എന്നാണ് വിശദീകരണം.
വിവാദത്തിൽ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻറെ നടപടി സംശയത്തിലാണ്. പരാതിക്കാരനായ ഹരിദാസൻറെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ ഓഫീസിൽ നിന്നും പൊലീസിൽ പരാതി നൽകുന്നത് ഈ മാസം 23ന് മാത്രമായിരുന്നു. പരാതി കിട്ടിയത് ഇന്നലെയെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം.
ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത് വന്നു. കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിർത്താൻ വൈമനസ്യം കാണിക്കുന്നത് മന്ത്രിക്ക് കൂടി മനസ്സറിവുള്ള കാര്യമായത് കൊണ്ടാണോ എന്നും മുരളീധരൻ ദില്ലിയിൽ ചോദിച്ചു.