വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ്.
മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ പരക്കെ റെയ്ഡ് തുടരുകയാണ്. ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും പരാതയുണ്ട്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചോദ്യം ചെയ്യലിനെന്ന പേരിൽ ഏതാനും മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനുപിന്നാലെ പോര്‍ട്ടലുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ന്യൂസ് ക്ലിക് എഡിറ്റർ പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമപ്രവര്‍ത്തകരുടെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്. സഞ്ജയ് രജൗര, സൊഹൈല്‍ ഹഷ്മി എന്നിവരുടെ വസതികളും പരിശോധന നടന്നു.
ന്യൂഡല്‍ഹിയിലെ കാനിങ് റോഡിലെ 36-ാം നമ്പറിലുള്ള യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലാണ് റെയ്ഡ് നടത്തിയത്. സി.പി.എം. ഓഫീസിലെ ജീവനക്കാരൻ്റെ മകനും ന്യൂസ് ക്ലിക്കിലെ ജീവനക്കാരനുമായ നാരായണൻ ഇവിടെ താമസിക്കുന്നു എന്നതാണ് റെയിഡിന് കാരണമാക്കിയിട്ടുള്ളത്. ഇതുകൂടാതെ ഡല്‍ഹിയിലും നോയിഡയിലുമായി 100 ഓളം സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്.
രാജ്യത്തിനെതിരായ അപവാദപ്രചാരണം നടത്താന്‍ ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം ലഭിച്ചിരുന്നതായി ബി.ജെ.പി. ആരോപണമുന്നയിച്ചിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിനായി വിദേശവ്യവസായി മൊഗള്‍ നെവില്‍ റോയ് സിംഘം ന്യൂസ് ക്ലിക്കിനായി ഫണ്ടിങ് നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് വാർത്ത മുൻനിർത്തിയാണിത്. ഇത് ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ടിനെതിരെയടക്കം പാര്‍ലമെന്റില്‍ ബി.ജെ.പി. ആരോപണം ഉന്നയിക്കയും ചെയ്തിരുന്നു.
2009 ൽ ആരംഭിച്ച ന്യൂസ് ക്ലിക്ക് സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. 2021 ലും വിദേശ നാണയ വിനിമയ നിയം ലംഘിച്ചു എന്ന പേരിൽ റെയിഡ് നടത്തിയിരുന്നു. കേന്ദ്ര സർക്കാർ നയങ്ങളെ കടുത്ത നിലപാടിൽ വിമർശിക്കുന്ന സ്ഥാപനമാണ്. കഴിഞ്ഞ വർഷം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി ഉൾപ്പെട്ടവരുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെൻ്ററി പുറത്ത് വന്നതോടെ ബിബിസിക്ക് എതിരെ പരിശോധനയും കേസും ഉണ്ടായി. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര വീഴ്ച തുറന്നു കാട്ടിയ ദൈനിക് ഭാസ്കറിന് എതിരെയും സമാനമായി നടപടി ഉണ്ടായി.
ലോകത്തിൽ പത്രസ്വാതന്ത്രത്തിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 161 ലേക്ക് താഴ്ന്നിരിക്കയാണ്. Unlawful Activities (Prevention) Act (UAPA) നിയമം മുൻ നിർത്തി 100 സ്ഥലങ്ങളിലായാണ് ഇപ്പോൾ റെയിഡ് നടക്കുന്നത്.


