Sunday, August 17, 2025

യുക്തി ചിന്തയാൽ ലോകത്തെ മുഴുവൻ വെല്ലുവിളിച്ച നിർഭയനായ നിഷേധി ബി.പ്രേമാനന്ദിൻ്റെ ഓർമ്മദിനം

ലിബി സി എസ് എഴുതുന്നു

ഒരു കേവല യുക്തിവാദിയോ, യുക്തി’വാത’ധ്യാനഗുരുവോ എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ ആ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.

ഓർമ്മ ദിനം ഓക്ടോബർ 4

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ലോകം ചുറ്റിയ ഈ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.

പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്.

മാധ്യമങ്ങളുടേ പുറകേ നടക്കാത്തതിനാൽ അദ്ദേഹത്തിനു അർഹമായ പ്രശസ്തിയോ ഔദ്യോഗികമായ അംഗീകാരങ്ങളോ വളരെയൊന്നും ലഭിച്ചില്ലെന്നു മാത്രം.ഒരുപക്ഷെ യുക്തിവാദ ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതുകൊണ്ടു കൂടിയാകാം അത്തരം ആശയങ്ങളോടു മുഖം തിരിയ്ക്കുന്ന നമ്മുടെ പൊതു സമൂഹത്തിൽ അദ്ദേഹം അവഗണിയ്ക്കപ്പെട്ടത്. സത്യത്തിൽ കേവലം യുക്തിവാദി സമൂഹത്തെ മാത്രമല്ല, പൊതു സമൂഹത്തെ ആകമാനമാണ് അദ്ദേഹം സേവിച്ചതും സ്വാധീനിച്ചതും.

ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും മതാന്ധന്മാരുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ പോരാട്ടങ്ങൾക്കു ശമനമുണ്ടായില്ല. രാജ്യത്തിന്റെ നനാഭാഗങ്ങളിൽ നിന്നും ഏറ്റ നിരവധി മർദ്ദനങ്ങളേല്പിച്ച രോഗപീഡകൾ ഉണ്ടായിരുന്നെങ്കിലും വാർദ്ധക്യത്തിലും ആരോഗ്യവാനായും സന്തോഷവാനായും കാണപ്പെട്ട പ്രേമാനന്ദ് ഒരു അദ്ഭുതം തന്നെയായിരുന്നു. ഇരുമ്പു ദണ്ഡുകൊണ്ട് ഉത്തരേന്ത്യയിൽ ഒരിടത്തുനിന്നു കാൽമുട്ടിനു കിട്ടിയ അടിയുടെ വേദന ആയുഷ്കാലം അദ്ദേഹം കൊണ്ടുനടന്നിരുന്നു.

ദിവ്യത്വം അവകാശപ്പെടുന്നവരുടെ തട്ടിപ്പുകൾക്കു പിന്നിലെ ശാസ്ത്രീയ വശങ്ങൾ അനാവരണം ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം അത്തരം ദിവത്വം അവകാശപ്പെടുന്ന നാനാജാതിമതസ്ഥരായ മനുഷ്യ ദൈവങ്ങളുടെ കണ്ണിലെ കരടായിരുന്നു. ദിവ്യന്മാർക്കെതിരെ കോവൂർ നടത്തിയ വെല്ലുവിളികളെ, തുടർന്ന് ഏറ്റെടുത്തതിൽ പ്രധാനിയായിരുന്നു പ്രേമാനന്ദ്. ഏതെങ്കിലും മനുഷ്യർക്കു ദിവ്യശക്തിയുണ്ടെന്നു തെളിയിച്ചാൽ അവർക്കു അന്തർദ്ദേശീയ യുക്തിവാദി സംഘം ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിനു ഡോളറുകളുടെ നോമിനി കൂടിയായിരുന്നു പ്രേമാനന്ദ്. പക്ഷെ ആ തുക ഇപ്പോഴും അതുപോലെ കിടക്കുന്നു. കോവൂരിന്റെയോ പ്രേമാനന്ദിന്റെയോ ലോക യുക്തിവാദി സമൂഹത്തിന്റെയോ വെല്ലുവിളികൾ സ്വീകരിയ്ക്കുവാൻ ഒരു ദിവ്യനും നാളിതുവരെ തയ്യാറായിട്ടില്ല.

അഗ്നിയിൽ നടത്തം, അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കൽ, തിളച്ച എണ്ണയിൽ കൈയ്യിടൽ, തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കൽ, നാക്കിലും കവിളിലും സൂചി കുത്തിയിറക്കൽ, വായിൽ കർപ്പൂരം കത്തിച്ചിടൽ, കണ്ണുകെട്ടി സ്കൂട്ടറോടിയ്ക്കൽ, മുതുകിൽ കൊളുത്തിട്ട് കാറോടിയ്ക്കൽ തുടങ്ങിയ വിവിധ ദിവ്യാദ്ഭുതങ്ങൾ ഒരു ദിവ്യ ശക്തിയും കൂടാതെ അവതരിപ്പിയ്ക്കാൻ നിരവധി ശിഷ്യന്മാരെ പരിശീലിപ്പിച്ച അദ്ദേഹം ദിവ്യന്മാർക്ക് വെല്ലുവിളിയായതിൽ അദ്ഭുതമൊന്നുമില്ല. ദിവ്യാദ്ഭുതം എന്നവകാശപ്പെടുന്ന ഏതൊരു പ്രവൃത്തിയ്ക്കു പിന്നിലും ഒരു ശാസ്ത്രീയ വശം ഉണ്ടാകും.

ജാതിയിലോ മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാതിരുന്ന പ്രേമാനന്ദിനു പക്ഷെ ഒരു മത- ദൈവ വിശ്വാസിയോടും അസഹിഷ്ണുത ഉണ്ടായിരുന്നില്ല. വിശ്വാസിയും അവിശ്വാസിയും എല്ലാം മാനവികതാ വാദിയായിരുന്ന അദ്ദേഹത്തിനു തുല്യരായിരുന്നു. എല്ലാവരോടും അദ്ദേഹത്തിനു നിറഞ്ഞ സ്നേഹം മാത്രമായിരുന്നു.

കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു ബസവ പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം.അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തകരായിരുന്നു മാതാപിതാക്കൾ. 1942-ൽ, പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതോടെ വിദ്യാഭ്യാസം അവസാനിച്ചു. റഷ്യൻ ആത്മീയവാദിയും തിയോസഫിക്കൽ സൊസൈറ്റിയുടെ സഹസ്ഥാപകയുമായിരുന്ന ഹെലീന ബ്ലാവാസ്‌കിയുടെ ഗുരുകുലത്തിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. 1969-ൽ ശ്രീലങ്കൻ പര്യടനത്തിൽ പ്രശസ്ത യുക്തിവാദി എ.ടി കോവൂരിനെ പരിചയപ്പെട്ടതോടെ തിയോസഫിക്കൽ ആശയം പൂർണ്ണമായും ഉപേക്ഷിച്ച് യുക്തിവാദത്തിൽ ആകൃഷ്ടനായി.
1978-ൽ കോവൂർ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി. തുടർന്ന് ആൾദൈവങ്ങളെയും അവരുടെ അമാനുഷിക പ്രതിഭാസങ്ങളെയും തുറന്നുകാട്ടുന്നതിനുമായി തന്റെ ജീവിതം സമർപ്പിച്ചു.

NOV 28 1988; Premanand, B – Skeptic; (Photo By The Denver Post via Getty Images)


1986-ൽ, സ്വർണ്ണ നിയന്ത്രണ നിയമം അനുസരിച്ച് സായി ബാബയ്ക്കെതിരെ കേസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സായിബാബയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന പുട്ടപർത്തിയിലേക്ക് 500 സന്നദ്ധപ്രവർത്തകരുമായി മാർച്ച് നടത്തിയതിന് പോലീസ് മർദ്ദനത്തിന് ഇരയാവുകയും അറസ്റ്റിലാവുകയും ചെയ്തു. 1993-ൽ സായി ബാബയുടെ ആശ്രമത്തിലെ ആറ് അന്തേവാസികളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് അദ്ദേഹം അന്വേഷിച്ച കണ്ടെത്തലാണ് ‘സായ് ബാബയുടെ കിടപ്പുമുറിയിലെ കൊലപാതകങ്ങൾ’ എന്ന പുസ്തകം.

1982-ൽ ശാസ്ത്രവും ശാസ്ത്രീയ ചിന്തയും ജനകീയമാകുന്നതിന് മഹാരാഷ്ട്ര ലോക് വിദ്യാൻ സംഘടിപ്പിച്ച വിജ്ഞാൻ യാത്രയും 1987-ൽ ഭാരത് ജൻ വിജ്ഞാൻ ജാഥയും നയിച്ചു.1989 ൽ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി രൂപീകരിച്ചു. 1997-ൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ((FIRA) രൂപീകരിച്ചു.

ദീർഘകാലം കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും സ്വതന്ത്ര ചിന്തകർക്കും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്ന അദ്ദേഹം 2009 ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു. ‘പ്രഭുവിന്റെ മക്കൾ ‘ എന്നപേരിൽ സജീവൻ അന്തിക്കാട് അദ്ദേഹത്തിൻറെ ജീവിതകഥ സിനിമയാക്കിയിരുന്നു.

സയൻസ് വേഴ്സസ് മിറാക്കിൾസ്, ല്യൂവർ ഓഫ് മിറാക്കിൾസ്, ഡിവൈൻ ഒക്ടോപസ്, ദ സ്റ്റോം ഓഫ് ഗോഡ്മെൻ, ഗോഡ് ആൻഡ് ഡയമണ്ട് സ്മഗ്ലിംഗ്, സത്യസായി ഗ്രീഡ്, സത്യസായിബാബ ആൻഡ് ഗോൾഡ് കൺട്രോൾ ആക്ട്, സത്യസായിബാബ ആൻഡ് കേരള ലാൻഡ് റിഫോംസ് ആക്ട് (ഇംഗ്ലീഷ്), സായിബാബയുടെ കളികൾ, പിന്തിരിപ്പന്മാരുടെ മാസ്റ്റർ പ്ലാൻ (മലയാളം) എന്നീ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....