വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ആത്മകഥ പറയുന്ന ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്‍, ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പുരസ്കാരം സമർപ്പിക്കുന്നമെന്ന് വയലാര്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു.
പ്രതികരണം
പലതവണ തെറ്റിപ്പോയ പുരസ്കാരം
വയലാര്‍ അവാര്‍ഡില്‍ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി. യഥാര്‍ഥ പ്രതിഭയെ തോല്‍പ്പിക്കാനാവില്ലെന്നും ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. നാല് തവണ വയലാര്‍ അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതാണ്. തനിക്കാണ് അവാര്‍ഡെന്ന് ട്രസ്റ്റ് സെക്രട്ടറി വിളിച്ചു പറയുകയും ചെയ്തു. പിന്നീട് തന്നെ മനപ്പൂര്‍വം ഒഴിവാക്കി. പിറ്റേന്ന് വിളിച്ച് ചില പ്രശ്നങ്ങളുണ്ട്. അടുത്ത തവണ തരുമെന്ന് പറഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തുന്നു.
31 ാം വയസ്സില്‍ എനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അന്ന് ഒരു മഹാകവി ഇടപെട്ട് തന്‍റെ പേര് വെട്ടിയെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിക്കട്ടെ എന്നാണ് അന്ന് പറഞ്ഞത്. മുഴുവന്‍ അക്ഷരവും പഠിക്കാത്ത ഞാന്‍ പിന്നീട് ആ മഹാകവിയെക്കാള്‍ ഗാനങ്ങളെഴുതി. എന്നെങ്കിലും സത്യം വിജയിക്കുമെന്ന് തെളിഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. കായംകുളത്ത് പ്രഥമ രാജരാജവര്‍മ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.
സിനിമാ മേഖലയിലെ ബഹുമുഖ വ്യക്തിത്വം
ആയിരക്കണക്കിന് സിനിമകൾക്ക് പാട്ടുകൾ എഴുതിയതിനു പുറമേ 85 സിനിമകൾക്ക് തിരക്കഥയും എഴുതി. പ്രേം നസീർ എന്ന പ്രേമഗാനം എന്ന കൃതിയുടെ രചയിതാവാണ്. തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമാതാവ്, സംവിധായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും പ്രശസ്തനാണ് ശ്രീകുമാരൻ തമ്പി. മലയാള സിനിമക്ക് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തി കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് ലഭിച്ചിട്ടുണ്ട്.
1971ൽ”വിലയ്ക്കു വാങ്ങിയ വീണ” എന്ന ചിത്രത്തിലെ “സുഖമെവിടെ ദു:ഖമെവിടെ” എന്നഗാനത്തിനും 2011ൽ “നായിക” എന്ന ചിത്രത്തിലെ “നനയും നിൻ മിഴിയോരം” എന്ന ഗാനത്തിനും മികച്ച ഗാനരചയിതാവിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്ദേഹത്തിന് ലഭിച്ചിരുന്നു.
1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലാണ് ജനനം.